Sunday, November 17, 2013

കൃതി കഥാപുരസ്കാര സമര്‍പ്പണവും പുസ്തക പ്രകാശനവും - റിപ്പോര്‍ട്ട്

കൃതി കഥാ പുരസ്കാര സമര്‍പ്പണവും  കഥമരം .പി.ഒ-13 (കഥകള്‍) , ദേഹാന്തരയാത്രകള്‍ (നോവല്‍  - വിഢിമാന്‍), ആപ്പിള്‍ (കഥകള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും  എറണാകുളത്ത്  കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നവംബര്‍ 16നു വൈകീട്ട്  കൃതി ബുക്സിന്റെ  ഡയറക്ടര്‍ ശ്രീ.യൂസഫ് കൊച്ചന്നൂരിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന  പ്രൌഢഗംഭീരമായ ചടങ്ങില്‍  വച്ച് നടത്തപ്പെടുകയുണ്ടായി. പ്രശസ്ത നിരൂപകനും വാഗ്മിയുമായ ശ്രീ.എം.കെ.ഹരികുമാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ച ചടങ്ങില്‍ വച്ച് കഥാകൃത്ത് ശ്രീ.ബഷീര്‍ മേച്ചേരിയില്‍ നിന്നും പുരസ്കാര ജേതാക്കളായ ശ്രീ.നിധീഷ്.ജി, ശ്രീമതി.ഹര്‍ഷ മോഹന്‍ സജിന്‍, ശ്രീമതി. സോണി എന്നിവര്‍  അവാര്‍ഡ് ഏറ്റു വാങ്ങി. തുടര്‍ന്ന് നടന്ന പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മത്തില്‍ യഥാക്രമം യാത്രാവിവരണ എഴുത്തുകാരനും  ആക്റ്റിവിസ്റ്റുമായ ശ്രീ.നിരക്ഷരനില്‍ നിന്നും തിരക്കഥാകൃത്ത്  ശ്രീ. സോക്രട്ടീസ്.കെ.വാലത്ത് കഥമരം .പി.ഒ-13 എന്ന പേരില്‍ മത്സര രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥാസമാഹാര വും ശ്രീ.എം.കെ.ഹരികുമാറില്‍ നിന്നും ശ്രീ.ബഷീര്‍ മേച്ചേരി ദേഹാന്തരയാത്രകള്‍ എന്ന വിഢിമാന്‍ എഴുതിയ നോവലിന്റെയും  , കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ  ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും പ്രശസ്ത യുവ സാഹിത്യകാരന്‍ ശ്രീ സുസ്മേഷ് ചന്ത്രോത്ത് ആപ്പിള്‍ എന്ന കഥാസമാഹാരത്തിന്റെയും  പ്രതികള്‍ ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങിന് കഥാകൃത്ത്  ശ്രീ.മനോരാജ് സ്വാഗതവും പുരസ്കാര ജേതാവ് ശ്രീ. നിധീഷ്.ജി, പുസ്തകങ്ങളുടെ രചയിതാക്കളായ വിഢിമാന്‍, സിയാഫ് എന്നിവര്‍ നന്ദിയും പറഞ്ഞു.

പ്രസംഗങ്ങളിലെ പ്രസക്തഭാഗങ്ങളില്‍ നിന്നും .

സ്വാഗതം : മനോരാജ്


വളരെയധികം ചാരിതാര്‍ത്ഥ്യത്തോടെയാണ്  ഇന്നീ വേദിയില്‍ നില്‍ക്കുന്നത്. എഴുത്ത് / വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ പേര്‍ത്തും പേര്‍ത്തും വിലപിച്ചു കൊണ്ടിരിക്കെ , എഴുത്തിനെ / വായനയെ / പുസ്തകങ്ങളെ  നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ ഇവിടെ കാണാന്‍ കഴിയുന്നു എന്നത് തന്നെ സന്തോഷകരമാണ്.. അതുകൊണ്ട് തന്നെ ഇതൊരു തുരുത്താണ്. ഇത്തരത്തില്‍ ഇടക്കിടെ വിലപിക്കുന്നവര്‍ക്കു മുന്‍പിലേക്ക് ചൂണ്ടികാണിക്കുവാന്‍ കഴിയുന്ന ഒരു തുരുത്ത്.  നല്ല എഴുത്തിനെ മുഖ്യധാരയിലേക്ക് എത്തിക്കുവാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ് കൃതി ബുക്സ്. കൃതി ബുക്സും ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലെ കഥാഗ്രൂപ്പും ചേര്‍ന്ന്  ഒരു കഥാമത്സരം ഒരുക്കിയപ്പോള്‍ അതിലേക്ക് ആവേശകരമായ പ്രതികരണം ലഭിച്ചെങ്കില്‍, മികച്ച, കാമ്പുള്ള കുറച്ചധികം കഥകള്‍ ലഭിച്ചെങ്കില്‍ അത് മേല്‍പ്പറഞ്ഞവര്‍ക്കുള്ള മറുപടിയായേക്കാം . (തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു)

ഉദ്ഘാടനം : എം.കെ.ഹരികുമാര്‍

നമുക്കൊരു പാരമ്പര്യമുണ്ട്. തികഞ്ഞ പൌരബോധമുണ്ട്. നമ്മുടെ പാരമ്പര്യത്തെ കണ്ടെത്തുവാനുള്ള  ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒത്തുചേരലുകളെ  നോക്കിക്കാണുന്നത്.  ഇന്നത്തെ എഴുത്തുകാര്‍ അല്പം കൂടെ ബോള്‍ഡാണ്. അവര്‍ പഴയവരില്‍ നിന്നും വേറിട്ട് ചിന്തിക്കുന്നു. ഈ എഴുത്തുകാരൊക്കെ എപ്പോഴും കാര്യങ്ങളെ വ്യത്യസ്തമായി കണ്ടുകൊണ്ടിരിക്കുന്നു. അതല്ലെങ്കില്‍ വിഢിമാന്‍, നിരക്ഷരന്‍ എന്നൊക്കെയുള്ള  തൂലികാനാമങ്ങള്‍ പഴയകാലത്തെ എഴുത്തുകാര്‍ ആലോചിക്കുക കൂടെ ചെയ്യില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയും. അതാണു ഇപ്പോഴുള്ള ഈ ബ്ലോഗ് എഴുത്തുകളുടെ ഗുണം. അവര്‍ വിശാലമായി ചിന്തിക്കുന്നു. ഒ.വി.വിജയനും തകഴിയുമൊക്കെ കഴിഞ്ഞാല്‍ മലയാളസാഹിത്യം ഇല്ല എന്ന് കരുതുന്നവര്‍ അറിയാത്ത ഒരു കാര്യമുണ്ട്. ഇവിടെ ഇരിക്കുന്ന പലര്‍ക്കും അതിലേറെ വായനക്കാരുണ്ടെന്ന നഗ്ന സത്യം!!. അത് ഒരു പക്ഷേ ആപേക്ഷികമായിരിക്കാം..

ശ്രീ. ബഷീര്‍ മേച്ചേരി

എഴുത്തും വായനയുമൊക്കെ ഇന്നും നിലനിൽക്കുന്നതിന്റെ തെളിവുകളാണ് ഇത്തരം കൊച്ചു കൊച്ചു പ്രസാധകസംരംഭങ്ങളും  അത് വഴി പുറത്ത് വരുന്ന ഇത്തരം നല്ല പുസ്തകങ്ങളും. ഹരികുമാറും രവിവര്‍മ്മയും ബീജയുമൊക്കെ ചേര്‍ന്ന് തിരഞ്ഞെടുത്ത ഈ കഥകള്‍ തീര്‍ച്ചയായും വായിക്കപ്പെടേണ്ടവയാവും. കാരണം ഇവരൊക്കെ കഥയെ അത്രമേല്‍ അറിഞ്ഞവരും അനുഭവിച്ചവരുമാണ്.

തുടര്‍ന്ന് കൃതി കഥാ പുരസ്കാര ജേതാക്കളായ നിധീഷ്.ജി, ഹര്‍ഷ മോഹന്‍ സജിന്‍, സോണി എന്നിവര്‍ ശ്രീ. ബഷീര്‍ മേച്ചേരിയില്‍ നിന്നും ട്രോഫിയും ശ്രീ. എം.കെ.ഹരികുമാറില്‍ നിന്നും കാഷ് പ്രൈസും (യഥാക്രമം 5000, 3000, 2000) ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും പ്രശംസാപത്രവും ഏറ്റുവാങ്ങി.
നിധീഷ്.ജി ബഷീർ മേച്ചേരിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. എം.കെ.ഹരികുമാർ, സുസ്മേഷ് ചന്ത്രോത്ത് എന്നിവർ സമീപം

സോണി, ഹർഷ മോഹൻ സജിൻ, നിധീഷ് എന്നിവർ പുരസ്കാരവുമായി

 തുടര്‍ന്ന് ശ്രീ. നിരക്ഷരന്‍ കഥമരം.പി.ഒ.13 ന്റെ ആദ്യ കോപ്പി ശ്രീ .സോക്രട്ടീസ് .കെ.വാലത്തിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കുകയും സമാഹാരത്തിലെ എഴുത്തുകാര്‍ക്കുള്ള  ഓദേര്‍ഴ്സ് കോപ്പി വിതരണം നടത്തുകയും ചെയ്തു.
 കഥമരം.പി.ഒ-13 പ്രകാശനം
ഓദേർസ് കോപ്പി വിതരണം : സോണി നിരക്ഷരനിൽ നിന്നും കോപ്പി സ്വീകരിക്കുന്നു.

അതേ തുടര്‍ന്ന് മറ്റു രണ്ടു പുസ്തകങ്ങളായ  ദേഹാന്തരയാത്രകള്‍ , ശ്രീ.എം.കെ.ഹരികുമാറില്‍ നിന്നും ശ്രീ.ബഷീര്‍ മേച്ചേരിയും ആപ്പിള്‍ ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും ശ്രീ. സുസ്മേഷ് ചന്ത്രോത്തും സ്വീകരിച്ചു. രചയിതാക്കളായ വിഢിമാന്‍, സിയാഫ് എന്നിവര്‍ക്ക് സുസ്മേഷ് ചന്ത്രോത്ത് , സോക്രട്ടീസ്.കെ.വാലത്ത് എന്നിവര്‍ ഓദേര്‍സ് കോപ്പി നല്‍കി.
 ദേഹാന്തരയാത്രകൾ പ്രകാശനം

             
 ആപ്പിൾ പ്രകാശനം

ആശംസാപ്രസംഗങ്ങള്‍

രവിവര്‍മ്മ തമ്പുരാന്‍ :


കഥക്ക് ക്ഷീണം സംഭവിച്ചെങ്കില്‍ അതിനു കാരണക്കാര്‍ പ്രസാധകര്‍ , നിരൂപകര്‍, ആനുകാലീകങ്ങളിലെ പത്രാധിപര്‍ എന്നിവരാണ്. ആഗോള സാഹിത്യത്തില്‍ കഥ മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്  ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ പ്രൈസ്. അതല്ലെങ്കില്‍ പോലും കഥ മരിക്കുന്നില്ല. എങ്ങിനെ കഥ മരിക്കും ? എല്ലാവരും എഴുതിത്തള്ളുന്ന ഫെയ്സ്ബുക്ക് പോലൊരിടത്ത് കഥക്ക് മാത്രമായി ഒരു കഥഗ്രൂപ്പ്... അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് പ്രസാധകര്‍. ഇവരൊക്കെ നിലനില്‍ക്കുമ്പോള്‍ കഥക്ക് എങ്ങിനെ മരിക്കാന്‍ കഴിയും ? കഥകള്‍ ജീവിതത്തിന്റെ നേര്‍ഛേദങ്ങളാവണം. അതിന് വായന ആവശ്യമാണ്. പല പുതു കഥാകൃത്തുക്കളുടെയും  കഥകളിലെ  വരികള്‍ / വര്‍ണ്ണനകള്‍ കാണുമ്പോള്‍ അവര്‍ എത്ര ആത്മാര്‍ത്ഥമായാണ്  കഥയെ സമീപിക്കുന്നതെന്ന് തോന്നിപ്പോകുകയാണ്,. (കുറച്ചധികം കഥാകൃത്തുക്കളുടെ  കഥകള്‍ അദ്ദേഹം ക്വോട്ട് ചെയ്ത് സംസാരിച്ചു)

സുസ്മേഷ് ചന്ത്രോത്ത് :


സാഹിത്യത്തെ സജീവമായി നിര്‍ത്തുന്നത് ചെറുകഥയാണ്.  ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടവരാണ് കഥാകൃത്തുക്കള്‍. വളരെച്ചെറിയ ജീ‍വിത സന്ദര്‍ഭങ്ങളെ  പകര്‍ത്തിവെക്കാന്‍ കഴിയുമ്പോഴാണ്  നല്ല കഥകള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ ഇവിടെ ഈ മത്സരത്തില്‍  സമ്മാനിതരാവുന്ന കഥാകൃത്തുക്കള്‍ക്ക്  ഒട്ടേറെ ബാധ്യതകള്‍ ഉണ്ട്. ഇവരില്‍ പലരില്‍ നിന്നും കാലം പലതും പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ഇവിടെ വളരെ നല്ല ഒരു സംരംഭമാണ് ഈ ചെറുപ്പക്കാര്‍ കൃതി ബുക്സ് എന്ന പ്രസാധക സംരംഭത്തിലൂടെ  ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളുടെ വലിപ്പത്തിലും ലേഔട്ടിലും ഉള്‍പ്പെടെ ചില അപാകങ്ങള്‍ ഒക്കെ പുസ്തകങ്ങളില്‍ ഉണ്ട്. പക്ഷേ, അവ തീര്‍ത്തും ചെറിയ പോരായ്മകളാണ്. ബാലാരിഷ്ടതകള്‍. എന്ന് വേണമെങ്കില്‍ പറയാം. പെട്ടന്ന് പരിഹരിക്കുവാന്‍ കഴിയുന്നവ. ഇത്തരം ഒരു വേദിയും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ ഉള്‍കൊണ്ട ഈ  ചടങ്ങും അതിനേക്കാളുപരി അതിനെല്ലാം കാരണമായ ഈ ഒരു  പ്രസാധക കൂട്ടായ്മയും ഒരുക്കിയതില്‍ ഈ സുഹൃത്തുക്കള്‍ക്ക്  ഞാന്‍ നന്ദി പറയുന്നു. ഈ പുസ്തകങ്ങള്‍ക്കും എഴുത്തുകാര്‍ക്കും  കൃതി ബുക്സിനും ആശംസകള്‍ അറിയിക്കുന്നു.

നിരക്ഷരന്‍ :


സാഹിത്യം മരിച്ചെങ്കില്‍ അതിനെ ജീര്‍ണ്ണിക്കാന്‍ അനുവദിക്കാതെ എത്രയും പെട്ടന്ന് ദഹിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന ഏറെ വിവാദമായ ഹരിശങ്കര്‍ അശോകന്റെ പ്രസംഗം ഉദ്ദരിച്ചുകൊണ്ടാണ്  നിരക്ഷരന്‍ പ്രസംഗം ആരംഭിച്ചത്. ഓണ്‍ലൈന്‍ / ബ്ലോഗ് മീഡിയകളില്‍ എഴുതുന്നവര്‍ ഇപ്പോള്‍ തന്നെ പത്രാധിപരുടെ കരുണകാത്ത്  നില്‍ക്കുന്ന കാലത്ത് നിന്ന് ഏറെ മുന്നോട്ട് പോയെന്നും എഴുതി കഴിഞ്ഞാല്‍ തന്റേതായ ഒരു കൂട്ടം വായനക്കാരുടെ മുന്നിലേക്ക് അവയെ പറത്തിവിടുവാന്‍ അവര്‍ തയ്യാറായി കഴിഞ്ഞുമിരിക്കുന്ന ഒരു കാലഘട്ടത്തിലൂടേയാണ്  നാം ഇപ്പോള്‍ കടന്നുപോകുന്നത്. അപ്പോള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ എഴുത്തുകളെ നിരന്തരം വീക്ഷിച്ച് കൊണ്ടിരിക്കുന്ന കൃതി ബുക്സ് പോലുള്ള പ്രസാധകര്‍ നാളെകളില്‍ പ്രസാധക ലോകം കൈയടക്കാനുള്ള  സാധ്യതയുണ്ടെന്നും അതിനാവട്ടെ എന്നും ആശംസിക്കുന്നു.

സോക്രട്ടീസ്.കെ.വാലത്ത്എഴുത്തുകാരന്‍ വലിയ വായനക്കാരനാവണം  എന്ന വാദത്തോട്  യോജിപ്പില്ല. അങ്ങിനെയെങ്കില്‍ വാല്‍മീകി ഏത് പബ്ലിക് ലൈബ്രറിയിലായിരിക്കണം മെമ്പര്‍ഷിപ്പ് എടുത്തിരിക്കുക ? പക്ഷേ , അദ്ദേഹം ജീവിതമെന്ന ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് കാണും. അത്രയേറെ ജീവിതത്തെ അറിയുന്നവര്‍ക്ക് മാത്രമേ നല്ല കഥാകൃത്തുക്കള്‍ ആവാന്‍ കഴിയൂ.. അങ്ങിനെ ജീവിതം അറിഞ്ഞ് അവര്‍ എഴുതിയ ഈ കഥകള്‍ അടങ്ങിയ ഈ കഥമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

നന്ദി : നിധീഷ് .ജി , വിഢിമാന്‍, സിയാഫ് എന്നിവര്‍ ചടങ്ങിനും പുരസ്കാരത്തിനും പുസ്തകത്തിനും  ചടങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അരങ്ങില്‍ തെളിഞ്ഞവര്‍ക്കും നന്ദി പറഞ്ഞതോടെ യോഗനടപടികള്‍ അവസാനിച്ചു.സദസ്സ് ചില ദൃശ്യങ്ങൾ22 comments:

 1. ഈ സംരംഭത്തിന് പുറകിലെ എല്ലാ സംഘാടകര്‍ക്കും ഭാവിയിലെ മികച്ച എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍.. ആശംസകള്‍...

  ReplyDelete
 2. വളരെ സന്തോഷമായി ഈ റിപ്പോര്‍ട്ട് വായിച്ചിട്ട്. പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍. ഇവിടെ സാന്നിധ്യമില്ലെങ്കിലും ഈ പുസ്തകങ്ങള്‍ ഇറങ്ങാന്‍ നിസ്വാര്‍ത്ഥമായി ഉത്സാഹിപ്പിക്കയും പ്രചോദിപ്പിക്കയും പ്രവര്‍ത്തിക്കയും ചെയ്ത അംജത്തിനും കൂടെ എന്റെ അനുമോദനങ്ങളും ആശംസകളും അറിയിക്കുന്നു.

  ReplyDelete
 3. കൃതിയിൽ നിന്നും ഇനിയും ധാരാളം കൃതികൾ പുറത്തുവരട്ടെ, എല്ലാവിധ ആശംസകളും

  ReplyDelete
 4. എല്ലാം നന്നായി കണ്ടതിൽ അതിരറ്റ സന്തോഷം. അഭിനന്ദനങ്ങൾ! യൂണിവേഴ്സിറ്റി പരീക്ഷകൾ കാരണം എന്റെ ക്യാമറ്യ്ക്ക് ഭാഗ്യമില്ലാതെ പോയി. പാവം എന്റെ ക്യാമറ!

  ReplyDelete
 5. നന്നായി ഈ റിപ്പോര്‍ട്ടിംഗ്... സാഹിത്യം ബ്ലോഗുകളിലൂടെയും പുസ്തകങ്ങളിലൂടെയും ഇനിയും വളരട്ടെ... ആശംസകള്‍...

  ReplyDelete
 6. പ്രിയ സുഹൃത്തുക്കള്‍ക്ക് സ്നേഹം... കൂടുതല്‍ വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പുസ്തകങ്ങളില്‍ ഉള്പ്പെടട്ടെ എന്നാശംസ :)

  ReplyDelete
 7. പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ആശംസകള്‍

  ReplyDelete
 8. നല്ല റിപ്പോര്‍ട്ട് , ഇനിയും ഉയരത്തിലെത്താന്‍ ഈ കൂട്ടുകാര്‍ക്ക് കഴിയട്ടെ . അണിയറ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍

  ReplyDelete
 9. കൃതിബുക്സിനും ഇതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അനുമോദനങ്ങള്‍

  ReplyDelete
 10. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ ആഹ്ലാദം ഇത് വായിച്ചപ്പോള്‍ ഇരട്ടിയായി

  ReplyDelete
 11. അനുമോദനങ്ങൾ ... ഒപ്പം ആശംസകളും.

  ReplyDelete
 12. കഴിഞ്ഞ അഞ്ചാറു മാസമായി ആര്‍ത്രിടിസ്‌ ചികിത്സയില്‍ ആയതിനാല്‍ എഴുത്തും വായനയും ഓണ്‍ലൈന്‍ സഞ്ചാരവും ഒന്നുമില്ല തന്നെ. പ്രിയ സുഹൃത്തുക്കളുടെ എഴുത്തുകള്‍ പുസ്തകമായി പ്രകാശനം ചെയ്തു കണ്ടതിലുള്ള സന്തോഷം ചെറുതല്ല. എഴുത്തുകാര്‍ക്കും കൃതി ബൂക്സിനും അഭിനന്ദനങ്ങള്‍

  ReplyDelete
 13. word by woed narration of the function. excellent reporting. congrats

  ReplyDelete
 14. കഥ ഗ്രൂപ്പിനും കൃതി ബുക്സിനും ...സമ്മാനങ്ങള്‍ നേടിയ പ്രിയ സുഹുര്‍ത്തുക്കള്‍ക്കും....പുസ്തകം രചിച്ച സിയഫ്ക്ക..വിഡ്ഢി മാന്‍ ഇവര്‍ക്കും ആശംസകള്‍....ഇനിയും ഇങ്ങനെ ഉള്ള കുറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ ..

  ReplyDelete
 15. നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി...പ്രവാസം അങ്ങനെയാണ് ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നതൊന്നും നടന്നു വെന്ന് വരില്ല ..എന്നാൽ നമ്മെ പ്രതീക്ഷിക്കുന്നവരുടെ ആഗ്രഹങ്ങൾ പൂവണിയുന്നു....കൃതി പ്രസാധകർക്ക്, പുരസ്കാര ജേതാക്കൾക്ക് ആശംസകൾ ....!

  ReplyDelete
 16. ബിസിനസ് താൽപ്പര്യങ്ങളിൽ മാത്രം ഒതുങ്ങാതെ നല്ല രചനകളെ വായനക്കാരിലെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത കൃതിബുക്സിന്റെ സംരംഭങ്ങൾക്ക് വിജയാശംസകൾ...

  മികച്ചരീതിയിൽ ഒരു കഥാമത്സരം സംഘടിപ്പിക്കുകയും, അതിന്റെ അനുബന്ധമായി പുരസ്കാരസമർപ്പണവും, പുസ്തകപ്രസാധനവും ഭംഗിയായി നടത്തുകയും ചെയ്ത സംഘാടകർ അഭിനന്ദനം അർഹിക്കുന്നു....

  ReplyDelete
 17. പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടം...

  എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍. സിയാഫിന്‍റേയും മനോജിന്‍റേയും പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞ സന്തോഷം...

  ReplyDelete