Thursday, December 26, 2013

പുതിയ പുസ്തകങ്ങൾ


ഈ മാസം കൃതി ബുക്സിൽ നിന്നും പുറത്തിറങ്ങുന്ന രണ്ട് വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ

രിതേബന്തലയിലെ മന്ത്രവാദിനി (നോവൽ) : ജയിംസ് സണ്ണി പാറ്റൂർ (പേജ് 88 , വില : 75 രൂപ)

ആണിറച്ചി (കവിതകൾ) : എം.ആർ.വിഷ്ണുപ്രസാദ് (പേജ് 144, വില : 115 രൂപ) കവി സച്ചിദാനന്ദന്റെ അവതാരിക / സുധീഷ് കൊട്ടേമ്പ്രത്തിന്റെ പഠനം.

നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക : bookskrithi@gmail.com എന്ന വിലാസത്തിലേക്ക് ഓർഡറുകൾ മെയിൽ ചെയ്യുക. വി.പി.പി. ഓർഡറുകളും സ്വീകരിക്കുന്നതാണു.
 

 

Wednesday, December 11, 2013

പുതിയ കഥാസമാഹാരം : നിയമപരമായ മുന്നറിയിപ്പ് : പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം (രചനകൾ ക്ഷണിക്കുന്നു)

രചനകൾ ക്ഷണിക്കുന്നു..

കൃതി ബുക്സിൽ നിന്നും പബ്ലിഷ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന പുതിയ കഥാസമാഹാരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

1. പുസ്തകം എഡിറ്റ് ചെയ്യുന്നത് മനോരാജ് ആയിരിക്കും. രചനകൾ പരിശോധിക്കുന്നതും പുസ്തകത്തിൽ ഉൾപ്പെടുത്തണമോ എന്നത് തീരുമാനിക്കുന്നതും മനോരാജും ഒപ്പമുള്ള പാനൽ മെമ്പേർഴ്സും ചേർന്ന് ആയിരിക്കും.

2. കഥകൾ പുകവലി - മദ്യപാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ളവ , അതായത് മേൽപ്പറഞ്ഞവയുടെ ദൂഷ്യഫലങ്ങളോ അതിന്റെ ക്ലിഷ്ടത അനുഭവിക്കുന്നവരെ പറ്റിയുള്ളതോ അതുമല്ലെങ്കിൽ അവയുടെ ഉപയോഗം മൂലം നശിപ്പിക്കപ്പെട്ട ജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരിക്കണം. ഏറ്റവും ചുരുക്കി പറഞ്ഞാൽ പുകവലിക്കും മദ്യപാനത്തിനും എതിരെ സമൂഹത്തോട് ഒരു മെസേജ് നൽകുക എന്നതാണൂ ഈ പുസ്തകത്തിലൂടെ കൃതി ബുക്സ് ലക്ഷ്യമാക്കുന്നത്.

3. ഒരു പുസ്തകത്തിന്റെ വിപണനത്തിലൂടെയുള്ള വരുമാനം എന്നതിനേക്കാൾ അതിലൂടെ ഒരു മെസേജ് കൂടെ നൽകാൻ കഴിഞ്ഞാൽ അതിലൂടെ ഞങ്ങൾ ചാർതാർത്ഥ്യരാകുന്നു.. ഒരു പക്ഷേ, അതിൽ കോണ്ട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന എഴുത്തുകാരനും അതിലൂടെ ഒരു നന്മയുടെ ഭാഗമാകുന്നു എന്ന് ഞങ്ങൾ കരുതട്ടെ..

4. പുസ്തകത്തിന്റെ ശീർഷകം - "നിയമപരമായ മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം" എന്നായിരിക്കും

5. ഇതിലേക്ക് സബ്മിറ്റ് ചെയ്യപ്പെടുന്ന രചനകൾ പുതിയ , ഇത് വരെ പ്രസിദ്ധീകരിക്കാത്തവ ആയാൽ കൂടുതൽ നല്ലത്. പക്ഷേ, ഒരു എഡിറ്ററ്റ് സമാഹാരം എന്ന നിലയിലും പ്രത്യേക വിഷയത്തിൽ അധിഷ്ടിതമായ ഒന്നെന്ന നിലയിലും മുൻപ് പ്രസിദ്ധീകരിച്ച സൃഷ്ടികളാണെങ്കിൽ പോലും പരിഗണിക്കപ്പെടുന്നതാണു.

6. നിങ്ങളുടെ വിശദമായ വായനയിൽ കണ്ട ഇത്തരത്തിലുള്ള കഥകൾ ഈ സമാഹാരത്തിലേക്ക് ചൂണ്ടിക്കാണിക്കുവാൻ കൂടെ വായനക്കാർക്ക് ഒരവസരം നൽകുന്നു.. അത്തരം രചനകൾ എഴുത്തുകാരനു താല്പര്യമെങ്കിൽ ഉചിതമായ രീതിയിൽ ഇതിൽ ഉപയോഗിക്കാൻ കഴിയുമോ എന്നതും പാനൽ മെമ്പേർസ് പരിഗണിക്കുന്നതാണു

7. രചനകൾ bookskrithi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ യുണികോഡ് ഫോർമാറ്റിൽ "നിയമപരമായ മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം" എന്ന സബ്ജെക്റ്റ് ടൈറ്റിലോടെ കൃതി ബുക്സിലേക്ക് അയച്ചു നൽകുക..

8. രചനകൾ കഴിവതും രചയിതാവ് തന്നെ അയച്ചു നൽകിയാൽ ഉചിതം. അതല്ലാതെ വായനക്കാരന്റെ പക്ഷത്ത് നിന്നുള്ള സജഷൻ ആണെങ്കിൽ അത് പ്രത്യേകം മെയിലിൽ പരാമർശിക്കുക.

9. രചനകൾ ലഭിക്കേണ്ട അവസാന തീയതി - 31 - 12- 2013

എഴുത്ത് വളരട്ടെ.. വായനയും.. എഴുത്തിൻ നിന്നും വായനയിൽ നിന്നും സമൂഹത്തിനു നമുക്ക് നൽകാനാവുന്ന സംഭാവനകൾ നൽകാൻ കഴിയുമ്പോൾ നമ്മൾ ചാരിതാർത്ഥ്യർ ആവുന്നു.. അതിലൂടെ ഒരാൾക്കെങ്കിലും വിവേചന ബുദ്ധി ലഭിച്ചാൽ അതാവട്ടെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം..

സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
എഡിറ്റർ,
കൃതി ബുക്സ്

Sunday, November 17, 2013

കൃതി കഥാപുരസ്കാര സമര്‍പ്പണവും പുസ്തക പ്രകാശനവും - റിപ്പോര്‍ട്ട്

കൃതി കഥാ പുരസ്കാര സമര്‍പ്പണവും  കഥമരം .പി.ഒ-13 (കഥകള്‍) , ദേഹാന്തരയാത്രകള്‍ (നോവല്‍  - വിഢിമാന്‍), ആപ്പിള്‍ (കഥകള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും  എറണാകുളത്ത്  കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നവംബര്‍ 16നു വൈകീട്ട്  കൃതി ബുക്സിന്റെ  ഡയറക്ടര്‍ ശ്രീ.യൂസഫ് കൊച്ചന്നൂരിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന  പ്രൌഢഗംഭീരമായ ചടങ്ങില്‍  വച്ച് നടത്തപ്പെടുകയുണ്ടായി. പ്രശസ്ത നിരൂപകനും വാഗ്മിയുമായ ശ്രീ.എം.കെ.ഹരികുമാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ച ചടങ്ങില്‍ വച്ച് കഥാകൃത്ത് ശ്രീ.ബഷീര്‍ മേച്ചേരിയില്‍ നിന്നും പുരസ്കാര ജേതാക്കളായ ശ്രീ.നിധീഷ്.ജി, ശ്രീമതി.ഹര്‍ഷ മോഹന്‍ സജിന്‍, ശ്രീമതി. സോണി എന്നിവര്‍  അവാര്‍ഡ് ഏറ്റു വാങ്ങി. തുടര്‍ന്ന് നടന്ന പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മത്തില്‍ യഥാക്രമം യാത്രാവിവരണ എഴുത്തുകാരനും  ആക്റ്റിവിസ്റ്റുമായ ശ്രീ.നിരക്ഷരനില്‍ നിന്നും തിരക്കഥാകൃത്ത്  ശ്രീ. സോക്രട്ടീസ്.കെ.വാലത്ത് കഥമരം .പി.ഒ-13 എന്ന പേരില്‍ മത്സര രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥാസമാഹാര വും ശ്രീ.എം.കെ.ഹരികുമാറില്‍ നിന്നും ശ്രീ.ബഷീര്‍ മേച്ചേരി ദേഹാന്തരയാത്രകള്‍ എന്ന വിഢിമാന്‍ എഴുതിയ നോവലിന്റെയും  , കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ  ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും പ്രശസ്ത യുവ സാഹിത്യകാരന്‍ ശ്രീ സുസ്മേഷ് ചന്ത്രോത്ത് ആപ്പിള്‍ എന്ന കഥാസമാഹാരത്തിന്റെയും  പ്രതികള്‍ ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങിന് കഥാകൃത്ത്  ശ്രീ.മനോരാജ് സ്വാഗതവും പുരസ്കാര ജേതാവ് ശ്രീ. നിധീഷ്.ജി, പുസ്തകങ്ങളുടെ രചയിതാക്കളായ വിഢിമാന്‍, സിയാഫ് എന്നിവര്‍ നന്ദിയും പറഞ്ഞു.

പ്രസംഗങ്ങളിലെ പ്രസക്തഭാഗങ്ങളില്‍ നിന്നും .

സ്വാഗതം : മനോരാജ്


വളരെയധികം ചാരിതാര്‍ത്ഥ്യത്തോടെയാണ്  ഇന്നീ വേദിയില്‍ നില്‍ക്കുന്നത്. എഴുത്ത് / വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ പേര്‍ത്തും പേര്‍ത്തും വിലപിച്ചു കൊണ്ടിരിക്കെ , എഴുത്തിനെ / വായനയെ / പുസ്തകങ്ങളെ  നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ ഇവിടെ കാണാന്‍ കഴിയുന്നു എന്നത് തന്നെ സന്തോഷകരമാണ്.. അതുകൊണ്ട് തന്നെ ഇതൊരു തുരുത്താണ്. ഇത്തരത്തില്‍ ഇടക്കിടെ വിലപിക്കുന്നവര്‍ക്കു മുന്‍പിലേക്ക് ചൂണ്ടികാണിക്കുവാന്‍ കഴിയുന്ന ഒരു തുരുത്ത്.  നല്ല എഴുത്തിനെ മുഖ്യധാരയിലേക്ക് എത്തിക്കുവാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ് കൃതി ബുക്സ്. കൃതി ബുക്സും ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലെ കഥാഗ്രൂപ്പും ചേര്‍ന്ന്  ഒരു കഥാമത്സരം ഒരുക്കിയപ്പോള്‍ അതിലേക്ക് ആവേശകരമായ പ്രതികരണം ലഭിച്ചെങ്കില്‍, മികച്ച, കാമ്പുള്ള കുറച്ചധികം കഥകള്‍ ലഭിച്ചെങ്കില്‍ അത് മേല്‍പ്പറഞ്ഞവര്‍ക്കുള്ള മറുപടിയായേക്കാം . (തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു)

ഉദ്ഘാടനം : എം.കെ.ഹരികുമാര്‍

നമുക്കൊരു പാരമ്പര്യമുണ്ട്. തികഞ്ഞ പൌരബോധമുണ്ട്. നമ്മുടെ പാരമ്പര്യത്തെ കണ്ടെത്തുവാനുള്ള  ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒത്തുചേരലുകളെ  നോക്കിക്കാണുന്നത്.  ഇന്നത്തെ എഴുത്തുകാര്‍ അല്പം കൂടെ ബോള്‍ഡാണ്. അവര്‍ പഴയവരില്‍ നിന്നും വേറിട്ട് ചിന്തിക്കുന്നു. ഈ എഴുത്തുകാരൊക്കെ എപ്പോഴും കാര്യങ്ങളെ വ്യത്യസ്തമായി കണ്ടുകൊണ്ടിരിക്കുന്നു. അതല്ലെങ്കില്‍ വിഢിമാന്‍, നിരക്ഷരന്‍ എന്നൊക്കെയുള്ള  തൂലികാനാമങ്ങള്‍ പഴയകാലത്തെ എഴുത്തുകാര്‍ ആലോചിക്കുക കൂടെ ചെയ്യില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയും. അതാണു ഇപ്പോഴുള്ള ഈ ബ്ലോഗ് എഴുത്തുകളുടെ ഗുണം. അവര്‍ വിശാലമായി ചിന്തിക്കുന്നു. ഒ.വി.വിജയനും തകഴിയുമൊക്കെ കഴിഞ്ഞാല്‍ മലയാളസാഹിത്യം ഇല്ല എന്ന് കരുതുന്നവര്‍ അറിയാത്ത ഒരു കാര്യമുണ്ട്. ഇവിടെ ഇരിക്കുന്ന പലര്‍ക്കും അതിലേറെ വായനക്കാരുണ്ടെന്ന നഗ്ന സത്യം!!. അത് ഒരു പക്ഷേ ആപേക്ഷികമായിരിക്കാം..

ശ്രീ. ബഷീര്‍ മേച്ചേരി

എഴുത്തും വായനയുമൊക്കെ ഇന്നും നിലനിൽക്കുന്നതിന്റെ തെളിവുകളാണ് ഇത്തരം കൊച്ചു കൊച്ചു പ്രസാധകസംരംഭങ്ങളും  അത് വഴി പുറത്ത് വരുന്ന ഇത്തരം നല്ല പുസ്തകങ്ങളും. ഹരികുമാറും രവിവര്‍മ്മയും ബീജയുമൊക്കെ ചേര്‍ന്ന് തിരഞ്ഞെടുത്ത ഈ കഥകള്‍ തീര്‍ച്ചയായും വായിക്കപ്പെടേണ്ടവയാവും. കാരണം ഇവരൊക്കെ കഥയെ അത്രമേല്‍ അറിഞ്ഞവരും അനുഭവിച്ചവരുമാണ്.

തുടര്‍ന്ന് കൃതി കഥാ പുരസ്കാര ജേതാക്കളായ നിധീഷ്.ജി, ഹര്‍ഷ മോഹന്‍ സജിന്‍, സോണി എന്നിവര്‍ ശ്രീ. ബഷീര്‍ മേച്ചേരിയില്‍ നിന്നും ട്രോഫിയും ശ്രീ. എം.കെ.ഹരികുമാറില്‍ നിന്നും കാഷ് പ്രൈസും (യഥാക്രമം 5000, 3000, 2000) ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും പ്രശംസാപത്രവും ഏറ്റുവാങ്ങി.
നിധീഷ്.ജി ബഷീർ മേച്ചേരിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. എം.കെ.ഹരികുമാർ, സുസ്മേഷ് ചന്ത്രോത്ത് എന്നിവർ സമീപം

സോണി, ഹർഷ മോഹൻ സജിൻ, നിധീഷ് എന്നിവർ പുരസ്കാരവുമായി

 തുടര്‍ന്ന് ശ്രീ. നിരക്ഷരന്‍ കഥമരം.പി.ഒ.13 ന്റെ ആദ്യ കോപ്പി ശ്രീ .സോക്രട്ടീസ് .കെ.വാലത്തിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കുകയും സമാഹാരത്തിലെ എഴുത്തുകാര്‍ക്കുള്ള  ഓദേര്‍ഴ്സ് കോപ്പി വിതരണം നടത്തുകയും ചെയ്തു.
 കഥമരം.പി.ഒ-13 പ്രകാശനം
ഓദേർസ് കോപ്പി വിതരണം : സോണി നിരക്ഷരനിൽ നിന്നും കോപ്പി സ്വീകരിക്കുന്നു.

അതേ തുടര്‍ന്ന് മറ്റു രണ്ടു പുസ്തകങ്ങളായ  ദേഹാന്തരയാത്രകള്‍ , ശ്രീ.എം.കെ.ഹരികുമാറില്‍ നിന്നും ശ്രീ.ബഷീര്‍ മേച്ചേരിയും ആപ്പിള്‍ ശ്രീ.രവിവര്‍മ്മ തമ്പുരാനില്‍ നിന്നും ശ്രീ. സുസ്മേഷ് ചന്ത്രോത്തും സ്വീകരിച്ചു. രചയിതാക്കളായ വിഢിമാന്‍, സിയാഫ് എന്നിവര്‍ക്ക് സുസ്മേഷ് ചന്ത്രോത്ത് , സോക്രട്ടീസ്.കെ.വാലത്ത് എന്നിവര്‍ ഓദേര്‍സ് കോപ്പി നല്‍കി.
 ദേഹാന്തരയാത്രകൾ പ്രകാശനം

             
 ആപ്പിൾ പ്രകാശനം

ആശംസാപ്രസംഗങ്ങള്‍

രവിവര്‍മ്മ തമ്പുരാന്‍ :


കഥക്ക് ക്ഷീണം സംഭവിച്ചെങ്കില്‍ അതിനു കാരണക്കാര്‍ പ്രസാധകര്‍ , നിരൂപകര്‍, ആനുകാലീകങ്ങളിലെ പത്രാധിപര്‍ എന്നിവരാണ്. ആഗോള സാഹിത്യത്തില്‍ കഥ മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്  ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ പ്രൈസ്. അതല്ലെങ്കില്‍ പോലും കഥ മരിക്കുന്നില്ല. എങ്ങിനെ കഥ മരിക്കും ? എല്ലാവരും എഴുതിത്തള്ളുന്ന ഫെയ്സ്ബുക്ക് പോലൊരിടത്ത് കഥക്ക് മാത്രമായി ഒരു കഥഗ്രൂപ്പ്... അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് പ്രസാധകര്‍. ഇവരൊക്കെ നിലനില്‍ക്കുമ്പോള്‍ കഥക്ക് എങ്ങിനെ മരിക്കാന്‍ കഴിയും ? കഥകള്‍ ജീവിതത്തിന്റെ നേര്‍ഛേദങ്ങളാവണം. അതിന് വായന ആവശ്യമാണ്. പല പുതു കഥാകൃത്തുക്കളുടെയും  കഥകളിലെ  വരികള്‍ / വര്‍ണ്ണനകള്‍ കാണുമ്പോള്‍ അവര്‍ എത്ര ആത്മാര്‍ത്ഥമായാണ്  കഥയെ സമീപിക്കുന്നതെന്ന് തോന്നിപ്പോകുകയാണ്,. (കുറച്ചധികം കഥാകൃത്തുക്കളുടെ  കഥകള്‍ അദ്ദേഹം ക്വോട്ട് ചെയ്ത് സംസാരിച്ചു)

സുസ്മേഷ് ചന്ത്രോത്ത് :


സാഹിത്യത്തെ സജീവമായി നിര്‍ത്തുന്നത് ചെറുകഥയാണ്.  ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടവരാണ് കഥാകൃത്തുക്കള്‍. വളരെച്ചെറിയ ജീ‍വിത സന്ദര്‍ഭങ്ങളെ  പകര്‍ത്തിവെക്കാന്‍ കഴിയുമ്പോഴാണ്  നല്ല കഥകള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ ഇവിടെ ഈ മത്സരത്തില്‍  സമ്മാനിതരാവുന്ന കഥാകൃത്തുക്കള്‍ക്ക്  ഒട്ടേറെ ബാധ്യതകള്‍ ഉണ്ട്. ഇവരില്‍ പലരില്‍ നിന്നും കാലം പലതും പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ഇവിടെ വളരെ നല്ല ഒരു സംരംഭമാണ് ഈ ചെറുപ്പക്കാര്‍ കൃതി ബുക്സ് എന്ന പ്രസാധക സംരംഭത്തിലൂടെ  ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളുടെ വലിപ്പത്തിലും ലേഔട്ടിലും ഉള്‍പ്പെടെ ചില അപാകങ്ങള്‍ ഒക്കെ പുസ്തകങ്ങളില്‍ ഉണ്ട്. പക്ഷേ, അവ തീര്‍ത്തും ചെറിയ പോരായ്മകളാണ്. ബാലാരിഷ്ടതകള്‍. എന്ന് വേണമെങ്കില്‍ പറയാം. പെട്ടന്ന് പരിഹരിക്കുവാന്‍ കഴിയുന്നവ. ഇത്തരം ഒരു വേദിയും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ ഉള്‍കൊണ്ട ഈ  ചടങ്ങും അതിനേക്കാളുപരി അതിനെല്ലാം കാരണമായ ഈ ഒരു  പ്രസാധക കൂട്ടായ്മയും ഒരുക്കിയതില്‍ ഈ സുഹൃത്തുക്കള്‍ക്ക്  ഞാന്‍ നന്ദി പറയുന്നു. ഈ പുസ്തകങ്ങള്‍ക്കും എഴുത്തുകാര്‍ക്കും  കൃതി ബുക്സിനും ആശംസകള്‍ അറിയിക്കുന്നു.

നിരക്ഷരന്‍ :


സാഹിത്യം മരിച്ചെങ്കില്‍ അതിനെ ജീര്‍ണ്ണിക്കാന്‍ അനുവദിക്കാതെ എത്രയും പെട്ടന്ന് ദഹിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന ഏറെ വിവാദമായ ഹരിശങ്കര്‍ അശോകന്റെ പ്രസംഗം ഉദ്ദരിച്ചുകൊണ്ടാണ്  നിരക്ഷരന്‍ പ്രസംഗം ആരംഭിച്ചത്. ഓണ്‍ലൈന്‍ / ബ്ലോഗ് മീഡിയകളില്‍ എഴുതുന്നവര്‍ ഇപ്പോള്‍ തന്നെ പത്രാധിപരുടെ കരുണകാത്ത്  നില്‍ക്കുന്ന കാലത്ത് നിന്ന് ഏറെ മുന്നോട്ട് പോയെന്നും എഴുതി കഴിഞ്ഞാല്‍ തന്റേതായ ഒരു കൂട്ടം വായനക്കാരുടെ മുന്നിലേക്ക് അവയെ പറത്തിവിടുവാന്‍ അവര്‍ തയ്യാറായി കഴിഞ്ഞുമിരിക്കുന്ന ഒരു കാലഘട്ടത്തിലൂടേയാണ്  നാം ഇപ്പോള്‍ കടന്നുപോകുന്നത്. അപ്പോള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ എഴുത്തുകളെ നിരന്തരം വീക്ഷിച്ച് കൊണ്ടിരിക്കുന്ന കൃതി ബുക്സ് പോലുള്ള പ്രസാധകര്‍ നാളെകളില്‍ പ്രസാധക ലോകം കൈയടക്കാനുള്ള  സാധ്യതയുണ്ടെന്നും അതിനാവട്ടെ എന്നും ആശംസിക്കുന്നു.

സോക്രട്ടീസ്.കെ.വാലത്ത്എഴുത്തുകാരന്‍ വലിയ വായനക്കാരനാവണം  എന്ന വാദത്തോട്  യോജിപ്പില്ല. അങ്ങിനെയെങ്കില്‍ വാല്‍മീകി ഏത് പബ്ലിക് ലൈബ്രറിയിലായിരിക്കണം മെമ്പര്‍ഷിപ്പ് എടുത്തിരിക്കുക ? പക്ഷേ , അദ്ദേഹം ജീവിതമെന്ന ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് കാണും. അത്രയേറെ ജീവിതത്തെ അറിയുന്നവര്‍ക്ക് മാത്രമേ നല്ല കഥാകൃത്തുക്കള്‍ ആവാന്‍ കഴിയൂ.. അങ്ങിനെ ജീവിതം അറിഞ്ഞ് അവര്‍ എഴുതിയ ഈ കഥകള്‍ അടങ്ങിയ ഈ കഥമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

നന്ദി : നിധീഷ് .ജി , വിഢിമാന്‍, സിയാഫ് എന്നിവര്‍ ചടങ്ങിനും പുരസ്കാരത്തിനും പുസ്തകത്തിനും  ചടങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അരങ്ങില്‍ തെളിഞ്ഞവര്‍ക്കും നന്ദി പറഞ്ഞതോടെ യോഗനടപടികള്‍ അവസാനിച്ചു.സദസ്സ് ചില ദൃശ്യങ്ങൾThursday, November 7, 2013

കൃതി കഥാപുരസ്കാര സമർപ്പണം. പുസ്തകപ്രകാശനം. ഓൺലൈൻ കൂട്ടായ്മ


എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു..
എറണാകുളത്ത് കലൂർ മണപ്പാട്ടിപ്പറമ്പിനു ഓപ്പോസിറ്റ് ആയി എം.ഇ.എസ് ബിൽഡിങിന്റെ അഡ്ജസെന്റ് ആയുള്ള കെട്ടിടത്തിൽ ആണു പ്രസ്തുത ഹാൾ..
ബസ്സിനു വരുന്നവർ കലൂർ ജങ്ഷനിലോ തൊട്ടടുത്ത ലിസി സ്റ്റോപ്പിലോ ബസ്സ് ഇറങ്ങിയാൽ ഹാളിലെത്താം. ട്രെയിനിൽ വരുന്നവർക്ക് നോർത്ത് സ്റ്റേഷനിൽ ഇറങ്ങുന്നതാവും ഉചിതം.
കൂടുതൽ വിവരങ്ങൾക്ക് കോണ്ടാക്റ്റ് ചെയ്യേണ്ട നമ്പർ : 9544995799

എല്ലവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.. പുസ്തകങ്ങളിലേക്കും...

Saturday, October 5, 2013

കൃതി ബുക്സിൽ നിന്നും ഉടൻ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ - പ്രീ- പബ്ലിക്കേഷൻ ഓഫർ

വിഢിമാൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന മനോജ് .വിഡിയുടെ പ്രഥമ നോവൽ.. ദേഹാന്തരയാത്രകൾ . , സിയാഫ് അബ്ദുൾഖാദിർ എഴുതിയ ആപ്പിൾ (കഥാസമാഹാരം) കൃതി ബുക്സും ഫെയ്സ്ബുക്കിലെ കഥാഗ്രൂപ്പും സംയുക്തമായി നടത്തിയ കഥാമത്സരത്തിൽ അവസാന റൊഊണ്ടിലെത്തിയ 14 കഥകൾ ചേർത്തുള്ള സമാഹാരം എന്നിവ കൃതി ബുക്സ് അഭിമാനത്തോടെ വായനക്കാർക്കായി സമർപ്പിക്കുന്നു..

പുസ്തകങ്ങൾ അധികം വൈകാതെ തന്നെ കൃതി ബുക്സിന്റെ ഓൺലൈൻ ഷോപ്പി വഴിയും ഇന്ദുലേഖ.കോം വഴിയും വിപണിയിൽ എത്തുന്നതാണു. പിന്നാലെ കേരളത്തിലെ സെലക്റ്റ്ഡ് ആയ ബുക്സ് ഷോപ്പുകൾ വഴിയും പുസ്തകം ലഭ്യമാകുന്നതാണു. അവയുടെ വിശദാംശങ്ങൾ പിന്നാലെ നൽകുന്നതാണു.

മൂന്ന് പുസ്തകങ്ങളും ഒരുമിച്ച്  പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് കൃതി ബുക്സ് ഒരു പ്രി പബ്ലീകേഷൻ ഓഫർ നൽകുന്നു.. ദേഹാന്തരയാത്രകൾ (95 രൂപ) ആപ്പിൾ (65) രൂപ , കഥാസമാഹാരം (60രൂപ) എന്നിവ ചേർത്ത് ഒന്നിച്ച് ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകങ്ങൾ മുഖവിലയായ 220 രൂപക്ക് പകരം 200 രൂപക്ക് നൽകുന്നതാണു. കേരളത്തിനു പുറത്ത് തപാൽ ചാർജ്ജ് ഈടാക്കുന്നതാണു..Sunday, September 15, 2013

കൃതി ബുക്സ് - കഥാഗ്രൂപ്പ് "കൃതി കഥാമത്സരം" - മത്സരഫലം

കൃതി കഥാമത്സരം സുപ്രധാനമായ ഫലപ്രഖ്യാപന സ്റ്റേജിലേക്ക് എത്തിയിരിക്കുകയാൺ. ആകെ 83 കഥകൾ ലഭിച്ചതിൽ നിന്നും നേന സിദ്ദിഖ് സ്വയം പിന്മാറുകയും മറ്റു രണ്ട് മത്സരങ്ങളിൽ സമ്മാനാർഹമായവയെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് രണ്ട് കഥകൾ സംഘാടക സമിതി തള്ളിക്കളയുകയും ചെയ്തിരിന്നു. ശേഷമുള്ള 80 കഥകൾ സംഘാടക സമിതി തിരഞ്ഞെടുത്ത സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുകയും ആ കഥകൾക്ക് ഓരോ കമ്മറ്റി അംഗങ്ങളും മാർക്കുകൾ രേഖപ്പെടുത്തി സംഘാടക സമിതിക്ക് നൽകുകയും ചെയ്യുകയുണ്ടായി. ആ മാർക്കുകൾ ടാബുലേറ്റ് ചെയ്തതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 15 കഥകൾ ഫൈനൽ ജഡ്ജ്മെന്റിനായി ജഡ്ജസിനെ ഏൽപ്പിക്കുകയും അവർ 15 കഥകളെയും വിലയിരുത്തുകയും ചർച്ച ചെയ്യുകയും കഥകൾക്ക് മാർക്ക് നൽകുകയും ഓവറോൾ അഭിപ്രായം നൽകുകയും ചെയ്തു. ജഡ്ജസ് നൽകിയ മാർക്കുകൾ ടാബുലേറ്റ് ചെയ്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ മൂന്ന് പേരെ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനക്കാരായി പ്രഖ്യാപിക്കുകയാണ്.

കൃതി കഥാമത്സരം - മത്സരഫലം
ഒന്നാം സ്ഥാനം : തലമറാട്ടം - നിഥീഷ് ജി (5001 രൂപ, സർട്ടിഫിക്കറ്റ്, മൊമന്റോ)
രണ്ടാം സ്ഥാനം : മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ - ഹർഷ മോഹൻ (3001 രൂപ, സർട്ടിഫിക്കറ്റ് , മൊമന്റൊ)
മൂന്നാം സ്ഥാനം : ബേബീസ് അൺലിമിറ്റഡ് - സോണി (2001 രൂപ , സർട്ടിഫിക്കറ്റ്, മൊമന്റോ)


മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അതിനേക്കാളുപരി അവസാന 15ൽ എത്തിയവർക്ക് ... ഒപ്പം സമ്മാനാർഹരായ നിഥീഷ്, ഹർഷ,, സോണി എന്നിവർക്ക് കൃതി ബുക്സിന്റെയും കഥഗ്രൂപ്പിന്റെയും ഹാർദ്ദമായ അഭിനന്ദനങ്ങൾ...

അവസാന 15ൽ എത്തിയ കഥകളെ പറ്റി ജഡ്ജിങ് പാനലിന്റെ അഭിപ്രായം താഴെ കൊടുക്കുന്നു..ജഡ്ജിങ് പാനലിൽ ചീഫ് ജഡ്ജായി ശ്രീ. എം.കെ.ഹരികുമാർ, മറ്റു രണ്ട് ജഡ്ജ്മാരായി ശ്രീമതി. ബീജ .വി.സി, ശ്രീ രവിവർമ്മ തമ്പുരാൻ എന്നിവർ കഥകളെ വിലയിരുത്തി ഇങ്ങിനെ അഭിപ്രായപ്പെട്ടു.

ഈ പതിനഞ്ച് കഥകളും വായിച്ചപ്പോ ശരിക്കും നല്ല സന്തോഷം തോന്നി. കാരണം ഈ കഥകലെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യപരിഛേദങ്ങളാണ്. വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങളിലൂടെ ആധുനികജീവിതം അഭിമുഖീകരിക്കുന്ന പല സമസ്യകളും ഈ കഥകള്‍ മിഴിവോടെ വരച്ചിടുന്നു. പല കഥകളും പ്രമേയം, ഭാഷ, ഘടന എന്നീ തലങ്ങളില്‍ നല്ല പുതുമ കാഴ്ച വെയ്ക്കുമ്പോള്‍ ചില കഥകള്‍ കേട്ട് പഴകിയ പ്രമേയത്തില്‍ നിന്ന് കൊണ്ട് കൈയ്യടക്കത്തോടെ പറഞ്ഞ് മുന്നോട്ട് പോകുന്നു. വായനാജീവിതം, ബൊമ്മക്കൊലു, പതിര് , ഗ്രേയ്റ്റ് ഡേയ്ന്‍, ഓരോരോ തിരിച്ചറിവുകള്‍ , വേഷപ്പകര്‍ച്ചകള്‍ എന്നിവയുടെ പ്രമേയത്തിൽ പുതുമ അവകാശപ്പെടാനില്ല. അതേസമയം, സാളഗ്രാമം, തലമാറാട്ടം, ബേബീസ് അണ്‍ലിമിറ്റെഡ് , കുംഭാരന്റെ മകള്‍ എന്നിവ ഉള്ളടക്കത്തിലും ഭാഷയിലും കഥ പറച്ചിലിലും എല്ലാം മികച്ച് തന്നെ നില്‍ക്കുന്നു. സജീവവും തനതായതുമായ ഭാഷയുണ്ട് ഇവയ്ക്കൊക്കെ.

പുതിയ ഒരു കഥാസങ്കേതം സൃഷ്ടിക്കുവാനുള്ള ശ്രമം തലമറാട്ടം എന്ന കഥയിൽ കണ്ടു. യാഥാർത്ഥ്യത്തെ അവിശ്വസിക്കുകയും പുതിയതൊന്നിനു വേണ്ടി അലയുകയും ചെയ്യുമ്പോഴാണ് നല്ല കഥകൾ ഉണ്ടാവുന്നത്... അതുകൊണ്ട് തന്നെ ഈ കഥ മത്സരത്തിൽ സമർപ്പിച്ച മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നു.

മുയൽചെവിയൻ കുഞ്ഞുങ്ങളുടെ അമ്മയിൽ വികാരജീവിതമുള്ള ഒരു സ്ത്രീയെ കാട്ടിത്തരുന്നു. വ്യവസ്ഥാപിത സ്ത്രീ സങ്കല്പത്തിൽ നിന്നും തന്റേതായ കാരണം പറഞ്ഞ് അവൾ വഴുതി മാറുകയും അതിനു ഒരു കാരണം കണ്ടെത്തുകയും ചെയ്യുന്നു.. എങ്കിൽ പോലും കഥയുടെ ആദ്യ ഭാഗത്ത് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, യഥാര്‍ഥ ജീവിതവും മാനസികവ്യാപാരങ്ങളും തമ്മില്‍ വല്ലാത്തൊരു സമ്മേളനം കഥയില്‍ നടക്കുന്നു. അത് തന്മയത്തോടെ കഥാകൃത്ത് അവതരിപ്പിച്ചിട്ടൂണ്ട്. ആ അവതരണമികവ് കഥയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ചു.

ബേബീസ് അൺലിമിറ്റഡ് എന്ന കഥയിൽ വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്നു. കഥ ഉള്ളടക്കം , കഥന രീതി എന്നിവയിൽ മികവ് പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..

ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത മറ്റു കഥകളെ പറ്റി സ്ക്രീനിംഗ് കമ്മറ്റി നൽകിയ അഭിപ്രായവും ചേർക്കുന്നു..മത്സരത്തിനു ലഭിച്ച 80 കഥകളിൽ നിന്നും ഏതാണ്ട് 50 ഓളം കഥകൾ ആവറേജ് നിലവാരത്തിലും താഴെയായിരുന്നു എന്നത് ഖേദകരമാണ്. കഥകൾക്ക് ആവറേജ് മാർക്കായി നിശ്ചയിച്ചിരുന്ന 5 മാർക്ക് നേടുവാൻ പോലും 40ഓളം കഥകൾക്ക് സാധിക്കാതിരുന്നത് ഇത് തുറന്ന് കാട്ടുന്നു.. കഥകൾ എഴുതുവാനുള്ള ശേഷിക്കുറവല്ല, മറിച്ച് അപ്രോച്ചിലുള്ള നിസ്സാരവത്കരണം ആണ് വേദനിപ്പിക്കുന്നത്. പല കഥാകൃത്തുകളും നല്ല സ്റ്റഫുള്ളവർ തന്നെ. പക്ഷേ, ഒരു മത്സരത്തിനാണ് തങ്കൾ ഈ രചന സമർപ്പിക്കുന്നത് എന്ന ചിന്ത അവർക്കില്ലാതാവുന്നു.. അല്ലെങ്കിൽ മത്സരത്തോട് അലസമനോഭാവം പുലർത്തുന്നു.. ഇത്തരത്തിലുള്ള അലസ മനോഭാവം വരുംഭാവിയിൽ നല്ല മത്സരങ്ങൾ നടത്തുവാനുള്ള ഏതൊരു സംഘാടകന്റെയും മനസ്സിൽ ഒരു വട്ടം കൂടി അത്തരം ഒന്ന് വേണമോ എന്ന ചിന്തയുണ്ടാക്കുന്നു എങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.. ഈ പറയുന്നത് മുഴുവൻ കഥകളുടെയും കാര്യമല്ല, പക്ഷേ ഏതാണ്ട് 60% കഥകളിലും ഈ ഒരു അലസമനോഭാവം കാണാൻ കഴിയുന്നു.. ബാക്കിയുള്ള 40% കഥകൾ നിലവാരം കൊണ്ടോ ഭാഷകൊണ്ടൊ കൈയടക്കം കൊണ്ടൊ വ്യത്യസ്തത പുലർത്തുന്നു.. ഒരു കഥക്ക് പേരിടുന്നതിൽ പോലും ഉണ്ട് കഥയുടെ അന്തഃസത്ത എന്ന് കഥാകൃത്തുക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. മോന്തപുത്തകം എന്ന പേരിൽ ഒരു കഥ മത്സരത്തിൽ സമർപ്പിക്കപ്പെട്ടിരുന്നു. കഥയുടെ പ്രമേയവും ക്രാഫ്റ്റും എല്ലാം ശരാശരിക്ക് മുകളിലുമായിരുന്നു. പക്ഷേ, കഥക്ക് നൽകിയ ആ പേരിലൂടെ കഥാകൃത്ത് കഥയോട് അനീതി കാട്ടിയതായി തോന്നി. ഇത് ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. അതുപോലെ മത്സരങ്ങളിലേക്കാണ് നമ്മൾ രചനകൾ സമർപ്പിക്കുന്നത് എന്നും അതല്ലാതെ നമ്മുടെ ബ്ലോഗിലോ / ഫെയ്സ്ബുക്ക് പേജിലോ ലൈക്കിനും കമന്റിനുമായിട്ടുള്ള കേവല വ്യായാമമല്ല അത് എന്നും ചിന്തിക്കേണ്ട സമയവും ആയി. ചില കഥകൾ (കാര്യവട്ടം കോളേജിലെ...) അത്തരത്തിൽ ചൂണ്ടിക്കാട്ടാവുന്നതാണ്. എങ്കിൽ പോലും മത്സരത്തെ നല്ല അർത്ഥത്തിലും ബഹുമാനത്തിലും നോക്കി ക്കാണുന്ന ഒരു കൂട്ടം എഴുത്തുകാർ ഇന്നുമുണ്ടെന്നത് സ്ക്രീനിംഗ് കമ്മറ്റിയെ സന്തോഷിപ്പിക്കുന്നു.. അവർ തെളിക്കുന്ന പാതകൾ കെടാതിരിക്കട്ടെ.. കഥകൾ ഒരിക്കലും മരിക്കില്ല എന്ന തിരിച്ചറിവ് ചില കഥകൾ എങ്കിലും നമുക്ക് നൽകുന്നു എന്ന സന്തോഷത്തോടെ ഈ മത്സരത്തിനും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും മത്സര സംഘാടകർക്കും എല്ലാ ആശംസകളും നേരുന്നു...


ഈ കഥകൾ കഥാഗ്രൂപ്പിനകത്തും കൃതി ബുക്സിന്റെ പുസ്തകത്തിലും ആണ് ആദ്യം പ്രസിദ്ധീകരിക്കുക.. ദയവ് ചെയ്ത് കഥാകൃത്തുക്കൾ പുസ്തകം പബ്ലിഷ് ആവും വരെ സഹകരിക്കുക...

മത്സരത്തിനായി ബാനറുകളും മറ്റും ഡിസൈൻ ചെയ്ത് നൽകിയ അജയിനും ഈ മത്സരത്തെക്കുറിച്ചുള്ള വാർത്തകൾ സ്വന്തം പോർട്ടലുകളിലൂടെ പബ്ലിഷ് ചെയ്ത് കൂടുതൽ പേരിലേക്ക് മത്സരത്തെ എത്തിക്കുവാൻ സഹകരിച്ച നമ്മുടെ ബൂലോകം , ഇ വായന എന്നീ പോർട്ടലുകൾക്കും മലയാളം ബ്ലോഗേർസിന്റെ മറ്റു ഗ്രൂപ്പുകൾക്കും നിറഞ്ഞ മനസ്സോടെ ഈ മത്സരത്തിന്റെ സ്ക്രീനിംഗുമായി സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റിയിലെ സുഹൃത്തുക്കൾക്കും അതിനേക്കാളേറെ തിരക്കുകളുടെ ഈ ഓണക്കാലത്തിനിടയിലും കൃത്യസമയത്തിനുള്ളിൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തുവാൻ ഞങ്ങൾക്ക് സാധിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നമ്മുടെ ബഹുമാന്യരായ ജഡ്ജിംഗ് പാനൽ അംഗങ്ങൾക്കും കൃതി ബുക്സിന്റെയും കഥാഗ്രൂപ്പിന്റെയും നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ... ഒരിക്കൽ കൂടെ ഏവർക്കും നല്ല ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട്..

കൃതി കഥാമത്സരം മത്സരകമ്മിറ്റി

വാർത്ത : നമ്മുടെ ബൂലോകം

Wednesday, May 15, 2013

കൃതിബുക്സ് 'കഥ'മത്സരം


ഫെയ്സ്ബുക്കിലെ 'കഥ' ഗ്രൂപ്പ് കഥാ മത്സരം സംഘടിപ്പിക്കുന്നു. 'കൃതി ബുക്സാ'ണ് ഈ മത്സരത്തിന്റെ പ്രായോജകര്‍. മത്സരത്തിലേക്ക് ലഭിക്കുന്നതില്‍ നിന്നും മികച്ച 3 സൃഷ്ടികള്‍ക്ക് കഥ ഗ്രൂപ്പ്‌  നല്‍കുന്ന കാഷ് പ്രൈസും കൃതി ബുക്സ്  നല്‍കുന്ന പ്രശംസാപത്രവും മൊമെന്റൊയും ആയിരിക്കും സമ്മാനം. കൂടാതെ മത്സരത്തിനായി ലഭിക്കുന്ന രചനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ഉള്‍പ്പെടുത്തി കൃതി ബുക്സ് കഥാസമാഹാരം പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതാണ്
ഈ മത്സരത്തിന്റെ പേര് "കൃതിബുക്സ് കഥാമത്സരം" എന്നായിരിക്കും. മത്സരത്തിലേക്കുള്ള രചനകള്‍ krithikadhamalsaram@gmail.com എന്ന  ഇമെയില്‍ വിലാസത്തില്‍ ജൂലായ്‌ 20 ന് അകം ലഭിക്കേണ്ടതാണ്.
മത്സരത്തിന്റെ നിയമാവലികള്‍.  
************************************
1. ഇത് വരെ കഥ ഗ്രൂപ്പിലുള്‍പ്പെടെ മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.
2. രചനകള്‍ തികച്ചും മൌലീകമായിരിക്കണം
3. മത്സരത്തിലേക്ക് അയക്കുന്ന സൃഷ്ടികള്‍ക്ക് ഇത്ര വാക്കുകളെന്നോ പ്രത്യേക വിഷയമോ ഉണ്ടായിരിക്കുന്നതല്ല
4. മത്സരത്തിലേക്ക് ലഭിക്കുന്ന രചനകള്‍ കഥ ഗ്രൂപ്പ്  / കൃതി ബുക്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സ്ക്രീനിംഗ് പാനല്‍ വിലയിരുത്തുന്നതും അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 15 രചനകള്‍ മാത്രം അവസാന ജഡ്ജിംഗിനായി വിദഗ്ദര്‍ അടങ്ങിയ കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.
5. ഒരാള്‍ക്ക് പരമാവധി 3 രചനകള്‍ വരെ അയക്കാം. പക്ഷെ, ഇവയില്‍ നിന്നും സ്ക്രീനിംഗ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും മികച്ച ഒരെണ്ണം മാത്രമേ തിരഞ്ഞെടുക്കൂ.
6. അയയ്ക്കുന്ന രചനകളുടെ പകര്‍പ്പാവകാശം രചയിതാവിന് തന്നെ ആണെങ്കിലും മത്സരം കഴിയുന്നത് വരെ അതിലേക്ക് അയച്ചിരിക്കുന്ന രചനകള്‍ മറ്റെവിടെയും പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല
7. അങ്ങിനെ ഉണ്ടെന്ന് അറിവ് ലഭിച്ചാല്‍ മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നതാണ്. മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നു എന്നതിലൂടെ ടി വ്യക്തി മത്സരത്തിലേക്കായി സമര്‍പ്പിച്ചിരിക്കുന്ന എല്ലാ സൃഷ്ടികളും ഡിസ്‌കോളിഫൈ ആകുന്നതാണ്.
8. കഥാസമാഹാരത്തിലും അവസാന 15 എണ്ണത്തിലും ഒരു എഴുത്തുകാരന്റെ ഒരു കഥ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ