Tuesday, December 20, 2011

കാ വാ രേഖ? വീണ്ടും വീണ്ടും വായിക്കപ്പെടുന്നു..

ഗള്‍ഫ് മലയാളി.കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കാ വാ രേഖ? എന്ന കവിതാ സമാഹാരത്തെ മേല്പ്പത്തൂരാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന വി.വി.രാജീവ് അവലോകനം ചെയ്യുന്നു.വിശദമായ വായനക്ക് ഇതിലേ പോകാം.



കാ വാ രേഖ? എന്ന കവിതാ സമാഹാരത്തെ ഹൃദയത്തില്‍ സ്വീകരിച്ച എല്ലാ വായനക്കാരോടും കൃതി പബ്ലിക്കേഷന്‍സ് നന്ദി അറിയിക്കട്ടെ. വിലയേറിയ പ്രോത്സാഹനങ്ങള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനവും ഉത്തരവാദിത്വവും നല്‍കുന്നു .

നന്ദി.

Friday, December 2, 2011

കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളം അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിച്ചിരിക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തിലെ പ്രണത ബുക്സിന്റെ 195 ആം നമ്പര്‍ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നതാണ്.

മൌനത്തിനപ്പുറത്തേക്ക്.. കാ വാ രേഖ? എന്നീ പുസ്തകങ്ങള്‍ ആണ് പ്രണത ബുക്സിന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നത്. മറ്റു ബ്ലോഗര്‍മാരുടെ പുസ്തകങ്ങളും പ്രണതയുടേതുള്‍പ്പെടെയുള്ള വിവിധ സ്റ്റാളുകളില്‍ ആയി പ്രദര്‍ശനത്തിനും വില്പനക്കുമായി അണിനിരത്തിയിട്ടുണ്ട്.

പുസ്തക പ്രേമികളായ എല്ലാവര്‍ക്കും സ്വാഗതം.

Sunday, October 30, 2011

കാ വാ രേഖയെ പറ്റി കേരളസമീക്ഷയില്‍


കാ വാ രേഖ?ക്ക് കേരളസമീക്ഷയില്‍ സിജു രാജക്കാട് എഴുതിയ റിവ്യൂ.. സ്ഥലപരിമിതി മൂലം കേരളസമീക്ഷയില്‍ ഉള്‍പ്പെടുത്താതിരുന്ന അദ്ദേഹത്തിന്റെ റിവ്യൂവിന്റെ ബാക്കി ഭാഗവും ചേര്‍ത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

സാങ്കേതിക മികവിന്റെ ഇ-കവിതകള്‍ / സിജു രാജാക്കാട്‌

ചിന്തകള്‍ക്കു വൈറസു ബാധിക്കുമ്പോള്‍ പ്രതികരിക്കാതെ വയ്യ. വൈറസുകള്‍ ചിന്തയില്‍ നിന്നും നാഡികളിലേക്കരിച്ചിറങ്ങി മനുഷ്യനിലെ മനുഷ്യനെ ഒരു യന്ത്രമാക്കുന്നതിനു മുമ്പേ ഞങ്ങളില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്‌ എന്നു പ്രഖ്യാപിക്കുകയാണ്‌ യന്ത്രലോകത്തോട്‌ സംവദിക്കുന്ന ബ്ലോഗെഴുത്തുകാര്‍. കവിത എഴുതുമ്പോള്‍ എന്തെങ്കിലും എഴുതിയാല്‍ പോര, എങ്ങനെയെങ്കിലും എഴുതിയാലും പോര. പേമാരി പോലെ വാക്കുകള്‍ കോരിച്ചൊരിഞ്ഞിട്ടും കാര്യമില്ല. നല്ല മിനുക്കമുള്ള കണ്ണാടി പോലെ അത്‌ എല്ലാം വരച്ചു കാട്ടണം. ഓരോ വടുക്കളും തെളിഞ്ഞു കാണണം. കവിത ബിംബാത്മകമാവണം. ഒരു വാക്ക്‌ ഒരായിരം അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കണം. വൈകാരികതയേക്കാള്‍ കവിതയുടെ സാങ്കേതിക മികവുകൊണ്ടും പരപ്പിനേക്കാള്‍ കൂടുതല്‍ ആഴം കൊണ്ടും ആകര്‍ഷണീയതയേക്കാള്‍ കൂടുതല്‍ ആര്‍ദ്രത കൊണ്ടും ശ്രദ്ധേയമാകുന്ന കവിതകളാണ്‌ `കാ വാ രേഖ' എന്ന കവിതാസമാഹാരത്തിനെ സമകാലീനകവിതകളില്‍ വച്ചേറ്റവും മനോഹരമാക്കി തീര്‍ത്തിരിക്കുന്നതെന്ന് പറയാം. ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയരായ ഇരുപത്തിയഞ്ചു യുവകവികളുടെ കവിതകളാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ ദുരൂഹവും അര്‍ത്ഥശൂന്യമെന്നു തോന്നുന്നതുമായ ഒരു പേരാണ്‌ ഈ ഗ്രന്ഥത്തിനു നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഉള്ളിലേക്കു കടന്നു ചെല്ലുമ്പോള്‍ അത്‌ നമ്മെ ഒരു വിസ്‌മയ ലോകത്തിലേക്കാനയിക്കുന്നു. ഏകാന്തതയുടെ വിരസമായ തുരുത്തില്‍ അതു നമ്മെ തളച്ചിടുന്നു. കഠിനമായ അസ്‌തിത്വദുഃഖത്തിന്റെ മരവിച്ച മജ്ജയിലേക്കരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നോവ്‌ ഈ കവിതകള്‍ നമുക്കു സമ്മാനിക്കുന്നു. കാളിദാസന്‍ എഴുതിയ ഒരു കവിതയിലെ എട്ടു വരികളിലെ ഏഴാമത്തെ വരിയാണ്‌ `കാ വാ രേഖ'. അപാരമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രസാധകര്‍ അവകാശപ്പെടുന്നു എങ്കിലും അതിന്റെ അര്‍ത്ഥം സാങ്കേതികമായറിയാത്ത സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രഹമായിത്തന്നെ തുടരുന്നു. അതുകൊണ്ട്‌ സാധാരണക്കാരെ ഉദ്ദേശിച്ചല്ല ഈ കവിത എഴുതിയത്‌ എന്ന്‌ അനുമാനിക്കാം.

വിദഗ്‌ധര്‍ അടങ്ങിയ ഒരു പാനല്‍ അതിസൂക്ഷ്‌മവിശകലനത്തിലൂടെ തെരഞ്ഞെടുത്ത 25 കവിതകള്‍ തീര്‍ച്ചയായും എല്ലാ അര്‍ത്ഥത്തിലും മികവു പുലര്‍ത്തുന്നുണ്ട്‌.
കവിതയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട്‌ പകര്‍ന്നു നല്‍കികൊണ്ടാണ്‌ ഡോണ മയൂരയുടെ `ഋതുമാപിനി'യിലൂടെ കാ വാ രേഖയുടെ അത്ഭുത ലോകത്തിലേക്കുള്ള ഇ-ജാലകം തുറക്കുന്നത്‌.
`ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്‌തിയും മനസിലളന്ന്‌
കൈമിടുക്കുള്ളൊരു
ശില്‍പിയുടെ ചാതുര്യത്തോടെ
ഇരുതുടകളിലും നീളത്തിലും
ആഴത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്നു.
ഇതു തന്നെയാണ്‌ കാവാരേഖയുടെ തുടര്‍ന്നുള്ള പേജുകളിലും കാണുന്നത്‌. മുറിവുകള്‍ പക്ഷേ വ്രണങ്ങളാകുന്നില്ല. അവയില്‍ പുഴു അരിക്കുന്നില്ല. അതൊരു നീറ്റലായി വൈറസു പോലെ നമ്മിലേക്കും പടരുന്നു.
`വേനലിന്റെ മുറിവുകളെ
വസന്തം മറയ്‌ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല'
പ്രണയസാന്ദ്രമാണിതിലേറെയും കവിതകള്‍. അവ നിര്‍മ്മിക്കപ്പെടുന്ന,
അപമാനിക്കപ്പെടുന്ന, നിറം മങ്ങിപ്പോയ കാലത്തിനൊത്തു കോലം മാറുന്ന പ്രണയം, മുറിവുകളുടെ ആഴത്തെ കൂടുതല്‍ വ്യാപ്‌തിയുള്ളതാക്കിത്തീര്‍ക്കുന്നതേയുള്ളൂ. ഹൃദയത്തില്‍ നിന്നും ഇറങ്ങി തൊലിപ്പുറത്തും വസ്‌ത്രത്തിന്റെ ശബളിമയിലും ഒളിച്ചിരിക്കുന്ന പ്രണയം. ജീവനുള്ള പ്രകൃതിയുടെ പൂന്തോപ്പില്‍ നിന്നുമിറങ്ങി ചന്തയിലെ മണമില്ലാത്ത കടലാസു പൂവുകള്‍ക്കിടയില്‍ അത്‌ ഒളിച്ചിരിക്കുന്നു. പ്രണയത്തിന്റെ അധിനിവേശകാലത്ത്‌ നിശാനിയമം മുറിച്ച്‌ മധുരനാരങ്ങകളും മുന്തിരിയും മാറത്തടുക്കി വച്ച്‌ വരികയാണ്‌ ശശികുമാര്‍ ടി.കെ (മൊഴി). ലാപ്‌ടോപ്പിന്റെ ചത്ത സിരകളിലൂടെ പരതി നടക്കുന്ന `ഹൈടെകും' പ്രാക്‌ടിക്കലും റൊമാന്റിക്കിനെ നിര്‍വചിക്കുകയാണ്‌ നീന ശബരീഷിന്റെ കവിതയില്‍. കമ്പ്യൂട്ടര്‍ വസന്തകാലത്തിലെ ചാറ്റിംഗ്‌ പുഷ്‌പങ്ങളെ ചീറ്റിംഗ്‌ വൈറസുകള്‍ കാര്‍ന്നു നശിപ്പിക്കുന്ന കാപട്യപ്രണയത്തോടുള്ള കടുത്ത പ്രതിഷേധവുമായാണ്‌ ജയ്‌നി (ഇ-പ്രണയം) രംഗപ്രവേശം ചെയ്യുന്നത്‌. ഇ-സംസ്‌കാരം മനുഷ്യസംസ്‌കാരത്തെ മാറ്റി പ്രതിഷ്‌ഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കവയിത്രി ഇവിടെ വിഷയമാക്കുന്നു. ദേശാടനക്കിളിയുടെ സ്ഥാനത്ത്‌ ഇന്റര്‍നെറ്റ്‌ വലക്കണ്ണികള്‍ കടന്നു വരുന്നു. ചാറ്റിംഗും ചീറ്റിംഗും പ്രണയവും നിരാശയുമെല്ലാം ഒരു വിരല്‍ത്തുമ്പില്‍ ഈ വിരല്‍ത്തുമ്പിലാണ്‌ ലോകം. അറിവുകളും പുസ്‌തകങ്ങളും വിറ്റ്‌ വിശപ്പടക്കേണ്ടി വരുമ്പോഴും പ്രണയത്തിന്റെ വര്‍ണചിത്രമായ മയില്‍പ്പീലി താന്‍ വില്‍ക്കുകയില്ലെന്നു വീണ സിജീഷ്‌ ആണയിടുന്നു. വീണയുടെ ആ ആഗ്രഹമെങ്കിലും ഹൃദയസ്‌പന്ദനങ്ങളെ പോലും കച്ചവടം ചെയ്യുന്ന ഈ കാലഘട്ടങ്ങളില്‍ നിറവേറട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രകടമാക്കുന്ന ചില കവിതകളും ഈ ഗ്രന്ഥത്തിലുണ്ട്‌. തെറ്റും ശരിയും മലക്കം മറിയുകയാണ്‌ ഇ-ലോകത്തില്‍.
ട്രാക്കുകളനവധിയുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസത്തിലൂടെ പ്രവാസത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെടുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ്‌ രണ്‍ജിത്ത്‌ ചെമ്മാട്‌. ആരോ വലിച്ചെറിഞ്ഞ ഭൂതത്തിന്റെ അവശിഷ്‌ടങ്ങളില്‍ ഭാവിയും വര്‍ത്തമാനവും വേവിച്ചെടുക്കുന്നവരെ പെറുക്കിക്കൂട്ടുകയാണ്‌ പ്രസന്ന ആര്യന്‍. (ചാരിറ്റി). കൈയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ട്‌ നാല്‌ കാലുള്ള തലകളുടെ നാക്കിനു താഴെ അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്ന യന്ത്രങ്ങളുടെ വിചിത്ര ലോകം അവതരിപ്പിക്കുന്ന ദിലീപ്‌ നായര്‍, സദാചാരമാപിനിയിലെ സൂചകങ്ങളുടെ കടപറിയ്‌ക്കുന്ന കൊടുങ്കാറ്റു വീശുമ്പോള്‍ കണ്ണും കാതും കൊട്ടിയടയ്‌ക്കണമെന്നാഗ്രഹിക്കുന്ന ചാന്ദ്‌നി ഗാനന്‍. ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ അപനിര്‍മ്മിക്കുന്നതില്‍ ഒരു ക്ലാസിക്‌ ടച്ച്‌ പുലര്‍ത്തുന്ന മുംസി, നാവിലൂടെ സകല ജീര്‍ണബീംബങ്ങളെയും തുറന്നു കാണിക്കുന്ന ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവരെല്ലാം കവിതയിലെന്ന പോലെ ജീവിതത്തിലും പുതിയ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരാണ്‌. ദുഷിച്ചു നാറുന്ന സാംസ്‌കാരിക ലോകത്തെ തൂത്തു വൃത്തിയാക്കാന്‍ ഈ കവിതകള്‍ കൂടുതല്‍ ജനകീയമാവട്ടെ എന്നാശംസിക്കുന്നു.
ജനനത്തിനും മരണത്തിനുമിടയ്‌ക്ക്‌ ജീവിതത്തിന്റെ ഇടം തിരയുന്ന അസ്‌തിത്വവാദപരമായ ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌. ടോറണ്ടോ ചുഴിയില്‍ പെട്ടു കുഴഞ്ഞു മറിയുന്നതാണ്‌ ഗീത ഹിരണ്യന്റെ സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം. അച്ഛന്‍ ചെടിയും, അമ്മച്ചെടിയും കാലമാകാതെ ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന കടലാസുചെടികളുടെ ബിംബത്തിലൂടെ വിവാഹമോചനം അനാഥമാക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹന്‍ലലത്ത്‌ നമ്മെ സ്വത്വദുഃഖത്തിന്റെ കണ്ണീരു കുടിപ്പിക്കുന്നു. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണാന്‍ പറഞ്ഞ ശാസ്‌ത്രത്തോട്‌ വൃദ്ധസദനങ്ങളെന്തിന്‌ എന്നു ചോദിക്കുന്ന അരുണ്‍ശങ്കര്‍ നമ്മുടെ മാറി വരുന്ന സാംസ്‌കാരത്തിനു നേരെ ഒരു തുറിച്ചു നോട്ടം നോക്കുന്നു. മൃത്യുവിനെ യാഥാര്‍ത്ഥ്യബോധമുള്ള `പ്രേത'ത്തിന്റെ അലങ്കാരത്തില്‍ പൊതിഞ്ഞ്‌ പോളീഷ്‌ ചെയ്‌ത്‌ അവതരിപ്പിച്ച്‌ അന്ധവിശ്വാസികളെ വെല്ലുവിളിക്കുന്ന നീസ വെള്ളൂര്‍ പ്രായത്തിനു യോജിക്കാത്ത പണിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. നന്മകള്‍ നിറഞ്ഞ ജീവിതങ്ങളുടെ ചില പ്രതീകങ്ങള്‍ എന്‍.എ സുജീഷിന്റെ കലയെ സ്‌നേഹിച്ച കൂട്ടുകാരന്‍, എസ്‌ കലേഷിന്റെ പെണ്ണുകുട്ടി, ജീവിത സായാഹ്നകവലയിലെ തട്ടുകടയില്‍ ചായ കുടിക്കാന്‍ ചെല്ലുന്ന ഉമേഷ്‌ തുടങ്ങിയവര്‍ വേദനിക്കുന്നതെങ്കിലും നാം ഇഷ്‌ടപ്പെടുന്ന ഒരു ജീവിതത്തിന്റെ ഓര്‍മ്മയും പ്രതീക്ഷയും നിലനിര്‍ത്തുന്നു.

എങ്കിലും ഒരു ചിരിയുടെ വേദന താങ്ങാന്‍ ഒരു മിഴിനീരു തണുപ്പു മാത്രമുള്ള രാജീവും തിരിയെ വരാതിരിക്കാനുള്ള യാത്രയ്‌ക്കൊരുങ്ങുന്ന ഷൈന്‍കുമാറും, വണ്ടിയാപ്പീസിന്റെ വരാന്തയില്‍ അസ്‌തപ്രജ്ഞനായി നില്‍ക്കുന്ന ഉസ്‌നും കണ്ണു പൊത്തുന്ന ചെകുത്താനിലൂടെയും താടിക്കു കൈ കൊടുത്തിരിക്കുന്ന ദൈവത്തിലൂടെയും ലോകത്തെ പരിഹസിക്കുന്ന ജയിംസ്‌ സണ്ണിയും ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. ഇനിയെന്ത്‌? എ സതീദേവിയെപ്പോലെ നാം ഒരു ഒത്തുതീര്‍പ്പിനു ശ്രമിക്കണോ അതോ യൂസഫ്‌ പാ പറയുന്നതു പോലെ ഒരു വേട്ടക്കാരനെ പോലെ ജീവന്റെ കോര്‍മ്പകള്‍ തൂക്കിപ്പിടിച്ച്‌ മരണത്തിലേക്കു പിന്‍വാങ്ങണോ? കാ വാ രേഖ? എന്നാല്‍ വിധി വൈപരീത്യങ്ങളെ ചെറുത്തു തോല്‍പിക്കാനുള്ള തന്റേടം ഈ കവികള്‍ ആരും പ്രകടിപ്പിക്കുന്നില്ല എന്നതു നിരാശാജനകം തന്നെയാണ്‌. നട്ടെല്ലു നഷ്‌ടമായോ നമ്മുടെ യുവതലമുറയ്‌ക്ക്‌? ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, വൈറസുകളെ ആട്ടിയോടിക്കാനുള്ള പുതിയൊരു സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍. അതുമായി പുതിയൊരു കവിതയുലകത്തില്‍ പോരിനു നില്‍ക്കാന്‍. ആശംസകള്‍..

Monday, October 24, 2011

പുസ്തകങ്ങള്‍ വാങ്ങാം

മൌനത്തിനപ്പുറത്തേക്ക്.. കാ വാ രേഖ എന്നീ പുസ്തകങ്ങള്‍ ഇന്ദുലേഖ ഓണ്‍ലൈന്‍ വഴിയും പുഴ ബുക് സ്റ്റോര്‍ വഴിയും കൃതി പബ്ലിക്കേഷന്‍സ് ഓണ്‍ലൈന്‍ വഴിയും ഇപ്പോള്‍ വിതരണത്തിന് ലഭ്യമാണ്. അതുപോലെ തന്നെ എറണാകുളത്തുള്ള പ്രണത ബുക്സ്, ആമസോണ്‍ ബുക്സ് ഇടപ്പള്ളി, സിയെല്ലസ് ബുക്സ് തളിപ്പറമ്പ, എന്നീ പുസ്തകശാലകളില്‍ നിന്നും കൃതിയുടെ പുസ്തകങ്ങള്‍ ലഭ്യമാണ്.

ഇന്ദുലേഖ വഴി പുസ്തകങ്ങള്‍ വാങ്ങുവാന്‍ താഴെയുള്ള പുസ്തകങ്ങളുടെ പേരുകളില്‍ ക്ലിക്ക് ചെയ്യുക.

മൌനത്തിനപ്പുറത്തേക്ക്....


കാ വാ രേഖ ?


പുഴ ബുക് സ്റ്റോര്‍ വഴി പുസ്തകങ്ങള്‍ വാങ്ങുവാന്‍ ഇതുവഴി പോകുക



പുസ്തകങ്ങള്‍ ലഭ്യമാകുന്ന ബുക്ക് ഷോപ്പുകള്‍

PRANATHA BOOKS
FATHIMA PLAZA,
PROVIDENCE ROAD,
KOCHI - 682018

AMAZON BOOK SHOP
972 B , PANORAMA ARCADE
EDAPPALLY, COCHIN - 24

BOOLOKAM CENTER
KOVALAM
THIRUVANTHAPURAM

CLS BOOKS
THALIPARAMBA
KANNOOR - 670140

ഇത് കൂടാതെ sales@krithipublications.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാലും പുസ്തകം ലഭ്യമാകുന്നതാണ്.


Thursday, May 26, 2011

കാ വാ രേഖ? മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റുന്നു.

വര്‍ത്തമാനം പത്രത്തിലെ ആഴ്ചയിലെ പുസ്തകം എന്ന കോളത്തില്‍ കാ വാ രേഖ? യെ ബിഗു റിവ്യൂ ചെയ്യുന്നു.

വായനക്കാര്‍ നല്‍കുന്ന ഈ നല്ല വാക്കുകള്‍ ഈ പുസ്തകത്തിന്റെ വിജയിത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സമര്‍പ്പിക്കട്ടെ.. ഇത് കൂട്ടായ്മയുടെ വിജയം. പുസ്തകം ആവശ്യമുള്ളവര്‍ sales@krithipublications.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

കാ വാ രേഖ? : രണ്ട് വാ‍യനകള്‍

Friday, April 22, 2011

കാ വാ രേഖ? പുസ്തക പ്രകാശനചടങ്ങ്...

തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 17 നു നടന്ന ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് കൃതി പബ്ലിക്കേഷന്‍സിന്റെ രണ്ടാമത് സമാഹാരമായ കാവാ രേഖ? പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ബ്ലോഗര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനു നല്‍കി പ്രകാശനം നിര്‍‌വഹിച്ചു.
കെ.പി.രാമനുണ്ണി കാ വാ രേഖ? ഡോക്ടര്‍ ജയന്‍ ഏവൂരിന് നല്കി പ്രകാശനം നിര്‍വഹിക്കുന്നു. യൂസഫ്പ, മനോരാജ്, സിയെല്ലസ് ബുക്സിന്റെ ലീല എം.ചന്ദ്രന്‍ എന്നിവര്‍ സമീപം


ഏതാണ്ട് 200ഓളം വരുന്ന ബ്ലോഗ് - ബ്ലോഗിതര ആളുകളെ സാക്ഷിനിര്‍ത്തി മലയാള ഭാഷയുടെ പിതാവിന്റെ തിരുമുറ്റത്ത് പുസ്തകങ്ങളുടെ ലോകത്ത് പിച്ചവെച്ച് തുടങ്ങുന്ന കൃതി പബ്ലിക്കേഷന്‍സ് വീണ്ടും പുതിയ ചരിത്രം കുറിച്ചു!. നേരത്തെ സൂചിപ്പിച്ച പോലെ ബ്ലോഗിലെ കവികളുടെ അപ്രകാശിത രചനകള്‍ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയതാണ് ഈ സമാഹാരം. കൃതി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ യൂസഫ്പ കൊച്ചന്നൂരിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്‍ ശ്രീ. കെ.പി.രാമനുണ്ണിയെ പ്രകാശനത്തിനായി വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

കെ.പി.രാമനുണ്ണിയെ പുസ്തകത്തിന്റെ പ്രകാശനത്തിനായി സാബു കൊട്ടോട്ടി വേദിയിലേക്ക് ക്ഷണിക്കുന്നു. സമീപം യൂസഫ്പ കൊച്ചന്നൂര്‍
തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സ് എന്ന പുസ്തക പ്രസാധക കൂട്ടായ്മയെ കുറിച്ചും കാ വാ രേഖ? എന്ന പുസ്തകത്തിലേക്ക് കവിതകള്‍ കണ്ടെത്തുന്നതിനുപയോഗിച്ച മാനദണ്ഡവും എല്ലാം ബ്ലോഗര്‍ മനോരാജ് വിശദീകരിച്ചു.

മനോരാജ് പുസ്തകത്തെ പറ്റി വിശദീകരിക്കുന്നു. ശ്രീ.കെ.പി.രാമനുണ്ണി, യൂസഫ്പ കൊച്ചന്നൂര്‍, പുസ്തക സ്വീകര്‍ത്താവ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ എന്നിവര്‍ സമീപം.
തുടര്‍ന്ന് ഡോക്ടര്‍ ജയന്‍ എവൂരിന് പുസ്തകം കൈമാറികൊണ്ട് കെ.പി.രാമനുണ്ണി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
മുഹൂര്‍ത്തം : കാ വാ രേഖ? മലയാള കവിതാസ്വാദകര്‍ക്ക് മുന്‍പിലേക്ക്....

മറുപടി പ്രസംഗത്തില്‍ പുസ്തകത്തിലെ ആദ്യ കവിതയായ ഡോണ മയൂരയുടെ ഋതുമാപിനിയിലെ ചില വരികള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. അതോടൊപ്പം പുസ്തകത്തില്‍ കവിത ഉള്‍പ്പെട്ടിട്ടുള്ള നീസ വെള്ളൂര്‍ എന്ന കുഞ്ഞു കവയത്രിക്ക് ആയൂരാരോഗ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് പുസ്തകത്തിന്റെ കോപ്പി നല്‍കുകയും ഉണ്ടായി.
മറുപടി പ്രസംഗത്തിലെ ചില ഏടുകള്‍ :
ബ്ലോഗിലെ സൌഹൃദങ്ങളുടെ
വും കൂട്ടായ്മയും എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഇന്റര്‍ നെറ്റിന്റെ ദൂഷ്യവശങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന നല്ല നിമിഷങ്ങളാണ് ത് രെ പരസ്പരം കാണാത്ത നിങ്ങളുടെ കൂട്ടായ്മയില്‍ ഒരുത്തിരിയുന്നത്. ഇവിടെ പ്രകാശനം ചെയ്ത സ്മരണിക അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മറ്റു പുസ്തകങ്ങളെ പറ്റി സൂചിപ്പിച്ചാല്‍ കാ വാ രേഖ? എന്നവിത സമാഹാരത്തിലെ ആദ്യ കവിതയില്‍ ഡോണ മയൂര എന്ന കവയത്രി പറയുന്നത് നോക്കൂ..
“കാതിലേക്ക് തുളച്ച് കയറുന്ന
രോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരിക്കുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തിക്കൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്...“
എത്രമനോഹരമായ വരികള്‍ എന്ന് നോക്കു...

പ്രദര്‍ശനവും വില്പനയും നടക്കുന്ന വേദിയില്‍ നിന്നും പുസ്തകത്തെ പരിചയപ്പെടുന്ന ബ്ലോഗര്‍ പ്രിയദര്‍ശിനി.
പുസ്തകത്തിന്റെ കോപ്പി കാ വാ രേഖ?യിലെ കവയത്രി നീസ വെള്ളൂരിന് കൈമാറുന്നു.

കാ വാ രേഖ? മൌനത്തിനപ്പുറത്തേക്ക്...


കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ മൌനത്തിനപ്പുറത്തെക്ക്.. കാ വാ രേഖ? എന്നിവ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പുസ്തക പ്രേമികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ sales@krithipublications.com എന്ന ഇമെയില്‍ വിലാസത്തില്‍ കോണ്ടാക്റ്റ് ചെയ്താല്‍ പുസ്തകങ്ങള്‍ നേരില്‍ , തപാലില്‍, കൊറിയറായി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണെനും ഇതോടൊപ്പം അറിയിക്കുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടേയും സ്നേഹം എന്നും ഉണ്ടാവുമെന്ന്‍ വിശ്വസിക്കട്ടെ..


പ്രകാശനചടങ്ങിന്റെ വീഡിയോ റിപ്പോര്‍ട്ട് ഇവിടെ കാണാം.

Tuesday, April 12, 2011

ക്ഷണപത്രം.



കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ പുസ്തകമായ കാ വാ രേഖ? എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ഈ വരുന്ന ഏപ്രില്‍ 17 ന്‌ മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ സ്വന്തം മണ്ണായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച്  മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചന്‍ സ്മാരക കമ്മറ്റി ചെയര്‍മാനുമായ ശ്രീ.കെ.പി.രാമനുണ്ണി നിര്‍‌വഹിക്കുന്നു. ഈ ചടങ്ങിലേക്ക് എല്ലാവരുടേയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു.




അന്നേദിവസം മീറ്റിനോടനുബന്ധിച്ച് ഒരുക്കുന്ന പുസ്തക സ്റ്റാളില്‍ നിന്നും മറ്റു ബൂലോക പുസ്തകങ്ങളോടൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ മൌനത്തിനപ്പുറത്തേക്ക്.. എന്ന കഥാസമാഹാരവും പുതിയ പുസ്തകമായ കാ വാ രേഖ?യും ലഭ്യമാകുന്നതാണ്‌. പുസ്തകം തപാല്‍ / കൊറിയര്‍ വഴി ലഭ്യമാകുവാന്‍ കൃതി പബ്ലിക്കേഷന്‍സിന്റെ സെയി‌ല്‍സ് വിഭാഗവുമായി ബന്ധപ്പെടുക. sales@krithipublications.com

ഒരിക്കല്‍ കൂടി ഇത് വരെ എല്ലാവരും തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ചടങ്ങിലേക്ക് ഏവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുകയും ചെയ്യുന്നു.

Monday, April 4, 2011

പുതിയ പുസ്തകം - കാ വാ രേഖ?

കൃതി പബ്ലിക്കേഷന്‍സില്‍ നിന്നും ഒരു പുസ്തകം കൂടെ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു. വിദഗ്ദരടങ്ങിയ പാനല്‍ തിരഞ്ഞെടുത്ത മലയാളം ബ്ലോഗില്‍ എഴുതിക്കൊണ്ടിരിക്കുന്ന മികച്ച 25 കവി/കവയത്രികളുടെ ഇത് വരെയെവിടെയും പ്രസിദ്ധീകരിക്കാത്ത കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് കൃതി പബ്ലിക്കേഷന്‍സ് ഇക്കുറി നിങ്ങള്‍ക്ക് മുന്‍പിലേക്ക് വരുന്നത്.. കാ വാ രേഖ? എന്ന് പേരിട്ടിരിക്കുന്ന കൃതി പബ്ലിക്കേഷന്‍സിന്റെ ഈ പുസ്തകത്തിന്റെ പ്രകാശനം 2011 ഏപ്രില്‍ 17 ന് മലയാള ഭാഷയുടെ എഴുത്തില്ലമായ തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന ബ്ലോഗ് മീറ്റില്‍ വച്ച് നടത്തപ്പെടുന്നതാണ്. (പ്രകാശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെറിയിക്കാം). കൃതി പബ്ലിക്കേഷന്‍സിനെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ആദ്യ സമാഹാരം പുറത്തിറങ്ങി ഏതാണ്ട് 6 മാസത്തിനകം തന്നെ രണ്ടാമത് ഒരു പുസ്തകം കൂടെ വായനക്കാരിലേക്ക് എത്തിക്കുവാനായതിന്റെ ചാര്‍താര്‍ത്ഥ്യം.



സമാഹാരത്തിന്റെ പേരും കവറും സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കവി/കവയത്രികളെയും ഇവിടെ പരിചയപ്പെടുത്തുകയാണ്. കാ വാ രേഖ? എന്ന് പേരിട്ടിരിക്കുന്ന ഈ സമാഹാരത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് മലയാള ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നമ്മുടെ പ്രിയങ്കരനായ നന്ദപര്‍വ്വം നന്ദകുമാറാണ്.



ഇവര്‍ കാ വാ രേഖ?യിലെ കവിരത്നങ്ങള്‍
ഡോണ മയൂര
ശശികുമാര്‍ .ടി.കെ
രണ്‍ജിത് ചെമ്മാട്
പ്രസന്ന ആര്യന്‍ (പ്രയാണ്‍)
ദിലീപ് നായര്‍ (മത്താപ്പ്)
ഗീത രാജന്‍
ഹന്‍ലല്ലത്ത്
നീന ശബരീഷ്
ചാന്ദ്നി ഗാനന്‍ (ചന്ദ്രകാന്തം)
മൈ ഡ്രീംസ്
ഉമേഷ് പിലീക്കോട്
മുംസി
ജയ്നി
നീസ വെള്ളൂര്‍
എന്‍.എം.സുജീഷ്
രാജീവ് .ആര്‍ (മിഴിയോരം)
വീണ സിജീഷ്
ഷൈന്‍ കുമാര്‍ (ഷൈന്‍ കൃഷ്ണ)
ഉസ്മാന്‍ പള്ളിക്കരയില്‍
അരുണ്‍ ശങ്കര്‍ (അരുണ്‍ ഇലക്ട്ര)
ഖാദര്‍ പട്ടേപ്പാടം
ജയിംസ് സണ്ണി പാറ്റൂര്‍
യൂസഫ്പ
മുകില്‍
എസ്.കലേഷ്


കാ വാ രേഖ ?


കവി കാളിദാസനേയും അദ്ദേഹത്തിന്റെ പ്രശസ്തമായ കാ വാ രേഖ? എന്ന കവിതയും നമുക്കെല്ലാവര്‍ക്കും അറിവുള്ളത് തന്നെ. രാജാവിന്റെ പരീക്ഷയില്‍ വിജയിച്ചപ്പോള്‍ കാളിദാസന്‍ തുറന്ന് കാട്ടിയത് വാക്കുകളുടെ വലിപ്പത്തിലോ ഒട്ടേറെ വരികളിലോ അല്ല.. മറിച്ച് വരികളിലെ അര്‍ത്ഥസമ്പുഷ്ടതയിലാണ് കവിതയെന്നതാണ്. ഇവിടെ ബ്ലോഗിലെ കവികളുടെ ഒരു കവിതാ സമാഹാരത്തെ പറ്റി ചിന്തിച്ചപ്പോള്‍ കവികള്‍ക്ക് എഴുതുവാനായി ഒരു വിഷയം നല്‍കുകയല്ല കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയ്തത് , മറിച്ച് എന്തും എഴുതുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയായിരുന്നു. ഒരൊറ്റ നിബന്ധന മാത്രം!!!

കാ വാ രേഖ?


അതെ
എന്താണെഴുതിയിരിക്കുന്നതെന്ന് (കാ വാ രേഖ ?) വിദഗ്ദര്‍ അടങ്ങിയ ഒരു പാനല്‍ വിലയിരുത്തുമെന്നും അതില്‍ നിന്നും മികച്ച സൃഷ്ടികള്‍ മാത്രമേ സമാഹാരത്തില്‍ ഉള്‍പ്പെടുത്തൂ ഉള്ളൂ എന്നുമായിരുന്നു ആ നിബന്ധന. വളരെ സമഗ്രവുംസുദീര്‍ഘവുമായ ഒരു പ്രക്രിയയായിരുന്നു ഇതിനു പിന്നില്‍. കൃതിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ മലയാള ബ്ലോഗിലെ മികച്ച കവിതാ ബ്ലോഗുകളിലൂടെ നടത്തിയ സഞ്ചാരത്തില്‍ മികച്ചതെന്ന് തോന്നിയ ഏതാണ്ട് 100 നു മുകളില്‍ കവിബ്ലോഗര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മെയില്‍ അയക്കുകയും ഇതിനോട് സഹകരിക്കാന്‍ തയ്യാറായ ഏതാണ്ട് 45 നു മേലെ കവികളില്‍ നിന്നും ലഭിച്ച 80 ഓളം കവിതകള്‍ വിദഗ്ദപാനലിന്റെ വിശകലനത്തിനായി സമര്‍പ്പിക്കുകയും അതില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കവിതകള്‍ (ഒരാളുടെ ഒരു കവിതയേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ) ചേര്‍ത്ത് സമാഹാരമാക്കുകയുമാണ് ചെയ്തത്.



കഴിഞ്ഞ പുസ്തകമായ മൌനത്തിനപ്പുറത്തേക്ക്.. പോലെ തന്നെ ഇതും ഏതാണ്ട് സമ്പൂര്‍ണ്ണമായി ബ്ലോഗര്‍മാരുടെ പുസ്തകമാണെന്ന് പറയാം. കവിതകളുടേ സ്ക്രീനിംഗ് കമ്മറ്റിയിലുണ്ടായിരുന്ന ഒരാളൊഴിച്ചാല്‍ ഇതിന്റെ പിന്നിലും മലയാളത്തിലെ ഒട്ടേറെ ബ്ലോഗര്‍മാരുടെ പ്രയത്നം തന്നെ.. ഈ സമാഹാരത്തിന്റെ ഡിടിപി - ലേഔട്ട് ജോലികള്‍ മനോഹരമാക്കിയത് മൌനത്തിനപ്പുറത്തേക്ക് .. എന്ന ആദ്യ സമാഹാരത്തില്‍ കൃതി പബ്ലിക്കേഷന്‍സിനോടൊപ്പം ഉണ്ടായിരുന്ന ജയ്നിയാണ്. കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ കൂടുതല്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ നന്ദപര്‍വ്വം നന്ദകുമാര്‍ തന്നെ... ഈ സമാഹാരത്തിന്റെ ഇത് വരെയുള്ള വിജയത്തിനായി ഒത്തൊരുമയോടെ പ്രയത്നിച്ച കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കും കൃതി പബ്ലിക്കേഷന്‍സിന്റെ ഈ ഉദ്യമ്യത്തോട് വളരെ നല്ല രീതിയില്‍ പ്രതികരിച്ച ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഉള്‍പ്പെടുത്താനാവാതെ പോയതുമായ കവി/ കവയത്രികള്‍ക്കും അതിനേക്കാളേറെ മൂല്യമേറിയ കവിതകളുടെ തിരഞ്ഞെടുപ്പിന് വേണ്ടി ഞങ്ങളോട് സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങളായ ബ്ലോഗ് - പ്രിന്റ് മീഡിയയിലുള്ള കവികള്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തട്ടെ...
പുസ്തകങ്ങളെ സ്നേഹിക്കുന്ന ഓരോ മലയാളിയും ഈ കാ വാ രേഖ? യെനെഞ്ചേറ്റുമെന്ന വിശ്വാസത്തോടെ..