Sunday, September 15, 2013

കൃതി ബുക്സ് - കഥാഗ്രൂപ്പ് "കൃതി കഥാമത്സരം" - മത്സരഫലം





കൃതി കഥാമത്സരം സുപ്രധാനമായ ഫലപ്രഖ്യാപന സ്റ്റേജിലേക്ക് എത്തിയിരിക്കുകയാൺ. ആകെ 83 കഥകൾ ലഭിച്ചതിൽ നിന്നും നേന സിദ്ദിഖ് സ്വയം പിന്മാറുകയും മറ്റു രണ്ട് മത്സരങ്ങളിൽ സമ്മാനാർഹമായവയെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് രണ്ട് കഥകൾ സംഘാടക സമിതി തള്ളിക്കളയുകയും ചെയ്തിരിന്നു. ശേഷമുള്ള 80 കഥകൾ സംഘാടക സമിതി തിരഞ്ഞെടുത്ത സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുകയും ആ കഥകൾക്ക് ഓരോ കമ്മറ്റി അംഗങ്ങളും മാർക്കുകൾ രേഖപ്പെടുത്തി സംഘാടക സമിതിക്ക് നൽകുകയും ചെയ്യുകയുണ്ടായി. ആ മാർക്കുകൾ ടാബുലേറ്റ് ചെയ്തതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 15 കഥകൾ ഫൈനൽ ജഡ്ജ്മെന്റിനായി ജഡ്ജസിനെ ഏൽപ്പിക്കുകയും അവർ 15 കഥകളെയും വിലയിരുത്തുകയും ചർച്ച ചെയ്യുകയും കഥകൾക്ക് മാർക്ക് നൽകുകയും ഓവറോൾ അഭിപ്രായം നൽകുകയും ചെയ്തു. ജഡ്ജസ് നൽകിയ മാർക്കുകൾ ടാബുലേറ്റ് ചെയ്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ മൂന്ന് പേരെ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനക്കാരായി പ്രഖ്യാപിക്കുകയാണ്.

കൃതി കഥാമത്സരം - മത്സരഫലം
ഒന്നാം സ്ഥാനം : തലമറാട്ടം - നിഥീഷ് ജി (5001 രൂപ, സർട്ടിഫിക്കറ്റ്, മൊമന്റോ)
രണ്ടാം സ്ഥാനം : മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ - ഹർഷ മോഹൻ (3001 രൂപ, സർട്ടിഫിക്കറ്റ് , മൊമന്റൊ)
മൂന്നാം സ്ഥാനം : ബേബീസ് അൺലിമിറ്റഡ് - സോണി (2001 രൂപ , സർട്ടിഫിക്കറ്റ്, മൊമന്റോ)


മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അതിനേക്കാളുപരി അവസാന 15ൽ എത്തിയവർക്ക് ... ഒപ്പം സമ്മാനാർഹരായ നിഥീഷ്, ഹർഷ,, സോണി എന്നിവർക്ക് കൃതി ബുക്സിന്റെയും കഥഗ്രൂപ്പിന്റെയും ഹാർദ്ദമായ അഭിനന്ദനങ്ങൾ...

അവസാന 15ൽ എത്തിയ കഥകളെ പറ്റി ജഡ്ജിങ് പാനലിന്റെ അഭിപ്രായം താഴെ കൊടുക്കുന്നു..ജഡ്ജിങ് പാനലിൽ ചീഫ് ജഡ്ജായി ശ്രീ. എം.കെ.ഹരികുമാർ, മറ്റു രണ്ട് ജഡ്ജ്മാരായി ശ്രീമതി. ബീജ .വി.സി, ശ്രീ രവിവർമ്മ തമ്പുരാൻ എന്നിവർ കഥകളെ വിലയിരുത്തി ഇങ്ങിനെ അഭിപ്രായപ്പെട്ടു.

ഈ പതിനഞ്ച് കഥകളും വായിച്ചപ്പോ ശരിക്കും നല്ല സന്തോഷം തോന്നി. കാരണം ഈ കഥകലെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യപരിഛേദങ്ങളാണ്. വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങളിലൂടെ ആധുനികജീവിതം അഭിമുഖീകരിക്കുന്ന പല സമസ്യകളും ഈ കഥകള്‍ മിഴിവോടെ വരച്ചിടുന്നു. പല കഥകളും പ്രമേയം, ഭാഷ, ഘടന എന്നീ തലങ്ങളില്‍ നല്ല പുതുമ കാഴ്ച വെയ്ക്കുമ്പോള്‍ ചില കഥകള്‍ കേട്ട് പഴകിയ പ്രമേയത്തില്‍ നിന്ന് കൊണ്ട് കൈയ്യടക്കത്തോടെ പറഞ്ഞ് മുന്നോട്ട് പോകുന്നു. വായനാജീവിതം, ബൊമ്മക്കൊലു, പതിര് , ഗ്രേയ്റ്റ് ഡേയ്ന്‍, ഓരോരോ തിരിച്ചറിവുകള്‍ , വേഷപ്പകര്‍ച്ചകള്‍ എന്നിവയുടെ പ്രമേയത്തിൽ പുതുമ അവകാശപ്പെടാനില്ല. അതേസമയം, സാളഗ്രാമം, തലമാറാട്ടം, ബേബീസ് അണ്‍ലിമിറ്റെഡ് , കുംഭാരന്റെ മകള്‍ എന്നിവ ഉള്ളടക്കത്തിലും ഭാഷയിലും കഥ പറച്ചിലിലും എല്ലാം മികച്ച് തന്നെ നില്‍ക്കുന്നു. സജീവവും തനതായതുമായ ഭാഷയുണ്ട് ഇവയ്ക്കൊക്കെ.

പുതിയ ഒരു കഥാസങ്കേതം സൃഷ്ടിക്കുവാനുള്ള ശ്രമം തലമറാട്ടം എന്ന കഥയിൽ കണ്ടു. യാഥാർത്ഥ്യത്തെ അവിശ്വസിക്കുകയും പുതിയതൊന്നിനു വേണ്ടി അലയുകയും ചെയ്യുമ്പോഴാണ് നല്ല കഥകൾ ഉണ്ടാവുന്നത്... അതുകൊണ്ട് തന്നെ ഈ കഥ മത്സരത്തിൽ സമർപ്പിച്ച മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നു.

മുയൽചെവിയൻ കുഞ്ഞുങ്ങളുടെ അമ്മയിൽ വികാരജീവിതമുള്ള ഒരു സ്ത്രീയെ കാട്ടിത്തരുന്നു. വ്യവസ്ഥാപിത സ്ത്രീ സങ്കല്പത്തിൽ നിന്നും തന്റേതായ കാരണം പറഞ്ഞ് അവൾ വഴുതി മാറുകയും അതിനു ഒരു കാരണം കണ്ടെത്തുകയും ചെയ്യുന്നു.. എങ്കിൽ പോലും കഥയുടെ ആദ്യ ഭാഗത്ത് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, യഥാര്‍ഥ ജീവിതവും മാനസികവ്യാപാരങ്ങളും തമ്മില്‍ വല്ലാത്തൊരു സമ്മേളനം കഥയില്‍ നടക്കുന്നു. അത് തന്മയത്തോടെ കഥാകൃത്ത് അവതരിപ്പിച്ചിട്ടൂണ്ട്. ആ അവതരണമികവ് കഥയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ചു.

ബേബീസ് അൺലിമിറ്റഡ് എന്ന കഥയിൽ വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്നു. കഥ ഉള്ളടക്കം , കഥന രീതി എന്നിവയിൽ മികവ് പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..

ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത മറ്റു കഥകളെ പറ്റി സ്ക്രീനിംഗ് കമ്മറ്റി നൽകിയ അഭിപ്രായവും ചേർക്കുന്നു..മത്സരത്തിനു ലഭിച്ച 80 കഥകളിൽ നിന്നും ഏതാണ്ട് 50 ഓളം കഥകൾ ആവറേജ് നിലവാരത്തിലും താഴെയായിരുന്നു എന്നത് ഖേദകരമാണ്. കഥകൾക്ക് ആവറേജ് മാർക്കായി നിശ്ചയിച്ചിരുന്ന 5 മാർക്ക് നേടുവാൻ പോലും 40ഓളം കഥകൾക്ക് സാധിക്കാതിരുന്നത് ഇത് തുറന്ന് കാട്ടുന്നു.. കഥകൾ എഴുതുവാനുള്ള ശേഷിക്കുറവല്ല, മറിച്ച് അപ്രോച്ചിലുള്ള നിസ്സാരവത്കരണം ആണ് വേദനിപ്പിക്കുന്നത്. പല കഥാകൃത്തുകളും നല്ല സ്റ്റഫുള്ളവർ തന്നെ. പക്ഷേ, ഒരു മത്സരത്തിനാണ് തങ്കൾ ഈ രചന സമർപ്പിക്കുന്നത് എന്ന ചിന്ത അവർക്കില്ലാതാവുന്നു.. അല്ലെങ്കിൽ മത്സരത്തോട് അലസമനോഭാവം പുലർത്തുന്നു.. ഇത്തരത്തിലുള്ള അലസ മനോഭാവം വരുംഭാവിയിൽ നല്ല മത്സരങ്ങൾ നടത്തുവാനുള്ള ഏതൊരു സംഘാടകന്റെയും മനസ്സിൽ ഒരു വട്ടം കൂടി അത്തരം ഒന്ന് വേണമോ എന്ന ചിന്തയുണ്ടാക്കുന്നു എങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.. ഈ പറയുന്നത് മുഴുവൻ കഥകളുടെയും കാര്യമല്ല, പക്ഷേ ഏതാണ്ട് 60% കഥകളിലും ഈ ഒരു അലസമനോഭാവം കാണാൻ കഴിയുന്നു.. ബാക്കിയുള്ള 40% കഥകൾ നിലവാരം കൊണ്ടോ ഭാഷകൊണ്ടൊ കൈയടക്കം കൊണ്ടൊ വ്യത്യസ്തത പുലർത്തുന്നു.. ഒരു കഥക്ക് പേരിടുന്നതിൽ പോലും ഉണ്ട് കഥയുടെ അന്തഃസത്ത എന്ന് കഥാകൃത്തുക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. മോന്തപുത്തകം എന്ന പേരിൽ ഒരു കഥ മത്സരത്തിൽ സമർപ്പിക്കപ്പെട്ടിരുന്നു. കഥയുടെ പ്രമേയവും ക്രാഫ്റ്റും എല്ലാം ശരാശരിക്ക് മുകളിലുമായിരുന്നു. പക്ഷേ, കഥക്ക് നൽകിയ ആ പേരിലൂടെ കഥാകൃത്ത് കഥയോട് അനീതി കാട്ടിയതായി തോന്നി. ഇത് ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. അതുപോലെ മത്സരങ്ങളിലേക്കാണ് നമ്മൾ രചനകൾ സമർപ്പിക്കുന്നത് എന്നും അതല്ലാതെ നമ്മുടെ ബ്ലോഗിലോ / ഫെയ്സ്ബുക്ക് പേജിലോ ലൈക്കിനും കമന്റിനുമായിട്ടുള്ള കേവല വ്യായാമമല്ല അത് എന്നും ചിന്തിക്കേണ്ട സമയവും ആയി. ചില കഥകൾ (കാര്യവട്ടം കോളേജിലെ...) അത്തരത്തിൽ ചൂണ്ടിക്കാട്ടാവുന്നതാണ്. എങ്കിൽ പോലും മത്സരത്തെ നല്ല അർത്ഥത്തിലും ബഹുമാനത്തിലും നോക്കി ക്കാണുന്ന ഒരു കൂട്ടം എഴുത്തുകാർ ഇന്നുമുണ്ടെന്നത് സ്ക്രീനിംഗ് കമ്മറ്റിയെ സന്തോഷിപ്പിക്കുന്നു.. അവർ തെളിക്കുന്ന പാതകൾ കെടാതിരിക്കട്ടെ.. കഥകൾ ഒരിക്കലും മരിക്കില്ല എന്ന തിരിച്ചറിവ് ചില കഥകൾ എങ്കിലും നമുക്ക് നൽകുന്നു എന്ന സന്തോഷത്തോടെ ഈ മത്സരത്തിനും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും മത്സര സംഘാടകർക്കും എല്ലാ ആശംസകളും നേരുന്നു...


ഈ കഥകൾ കഥാഗ്രൂപ്പിനകത്തും കൃതി ബുക്സിന്റെ പുസ്തകത്തിലും ആണ് ആദ്യം പ്രസിദ്ധീകരിക്കുക.. ദയവ് ചെയ്ത് കഥാകൃത്തുക്കൾ പുസ്തകം പബ്ലിഷ് ആവും വരെ സഹകരിക്കുക...

മത്സരത്തിനായി ബാനറുകളും മറ്റും ഡിസൈൻ ചെയ്ത് നൽകിയ അജയിനും ഈ മത്സരത്തെക്കുറിച്ചുള്ള വാർത്തകൾ സ്വന്തം പോർട്ടലുകളിലൂടെ പബ്ലിഷ് ചെയ്ത് കൂടുതൽ പേരിലേക്ക് മത്സരത്തെ എത്തിക്കുവാൻ സഹകരിച്ച നമ്മുടെ ബൂലോകം , ഇ വായന എന്നീ പോർട്ടലുകൾക്കും മലയാളം ബ്ലോഗേർസിന്റെ മറ്റു ഗ്രൂപ്പുകൾക്കും നിറഞ്ഞ മനസ്സോടെ ഈ മത്സരത്തിന്റെ സ്ക്രീനിംഗുമായി സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റിയിലെ സുഹൃത്തുക്കൾക്കും അതിനേക്കാളേറെ തിരക്കുകളുടെ ഈ ഓണക്കാലത്തിനിടയിലും കൃത്യസമയത്തിനുള്ളിൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തുവാൻ ഞങ്ങൾക്ക് സാധിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നമ്മുടെ ബഹുമാന്യരായ ജഡ്ജിംഗ് പാനൽ അംഗങ്ങൾക്കും കൃതി ബുക്സിന്റെയും കഥാഗ്രൂപ്പിന്റെയും നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ... ഒരിക്കൽ കൂടെ ഏവർക്കും നല്ല ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട്..

കൃതി കഥാമത്സരം മത്സരകമ്മിറ്റി

വാർത്ത : നമ്മുടെ ബൂലോകം

Wednesday, May 15, 2013

കൃതിബുക്സ് 'കഥ'മത്സരം


ഫെയ്സ്ബുക്കിലെ 'കഥ' ഗ്രൂപ്പ് കഥാ മത്സരം സംഘടിപ്പിക്കുന്നു. 'കൃതി ബുക്സാ'ണ് ഈ മത്സരത്തിന്റെ പ്രായോജകര്‍. മത്സരത്തിലേക്ക് ലഭിക്കുന്നതില്‍ നിന്നും മികച്ച 3 സൃഷ്ടികള്‍ക്ക് കഥ ഗ്രൂപ്പ്‌  നല്‍കുന്ന കാഷ് പ്രൈസും കൃതി ബുക്സ്  നല്‍കുന്ന പ്രശംസാപത്രവും മൊമെന്റൊയും ആയിരിക്കും സമ്മാനം. കൂടാതെ മത്സരത്തിനായി ലഭിക്കുന്ന രചനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ഉള്‍പ്പെടുത്തി കൃതി ബുക്സ് കഥാസമാഹാരം പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതാണ്. 
ഈ മത്സരത്തിന്റെ പേര് "കൃതിബുക്സ് കഥാമത്സരം" എന്നായിരിക്കും. മത്സരത്തിലേക്കുള്ള രചനകള്‍ krithikadhamalsaram@gmail.com എന്ന  ഇമെയില്‍ വിലാസത്തില്‍ ജൂലായ്‌ 20 ന് അകം ലഭിക്കേണ്ടതാണ്.
മത്സരത്തിന്റെ നിയമാവലികള്‍.  
************************************
1. ഇത് വരെ കഥ ഗ്രൂപ്പിലുള്‍പ്പെടെ മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.
2. രചനകള്‍ തികച്ചും മൌലീകമായിരിക്കണം. 
3. മത്സരത്തിലേക്ക് അയക്കുന്ന സൃഷ്ടികള്‍ക്ക് ഇത്ര വാക്കുകളെന്നോ പ്രത്യേക വിഷയമോ ഉണ്ടായിരിക്കുന്നതല്ല. 
4. മത്സരത്തിലേക്ക് ലഭിക്കുന്ന രചനകള്‍ കഥ ഗ്രൂപ്പ്  / കൃതി ബുക്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സ്ക്രീനിംഗ് പാനല്‍ വിലയിരുത്തുന്നതും അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 15 രചനകള്‍ മാത്രം അവസാന ജഡ്ജിംഗിനായി വിദഗ്ദര്‍ അടങ്ങിയ കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.
5. ഒരാള്‍ക്ക് പരമാവധി 3 രചനകള്‍ വരെ അയക്കാം. പക്ഷെ, ഇവയില്‍ നിന്നും സ്ക്രീനിംഗ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും മികച്ച ഒരെണ്ണം മാത്രമേ തിരഞ്ഞെടുക്കൂ.
6. അയയ്ക്കുന്ന രചനകളുടെ പകര്‍പ്പാവകാശം രചയിതാവിന് തന്നെ ആണെങ്കിലും മത്സരം കഴിയുന്നത് വരെ അതിലേക്ക് അയച്ചിരിക്കുന്ന രചനകള്‍ മറ്റെവിടെയും പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല. 
7. അങ്ങിനെ ഉണ്ടെന്ന് അറിവ് ലഭിച്ചാല്‍ മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നതാണ്. മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നു എന്നതിലൂടെ ടി വ്യക്തി മത്സരത്തിലേക്കായി സമര്‍പ്പിച്ചിരിക്കുന്ന എല്ലാ സൃഷ്ടികളും ഡിസ്‌കോളിഫൈ ആകുന്നതാണ്.
8. കഥാസമാഹാരത്തിലും അവസാന 15 എണ്ണത്തിലും ഒരു എഴുത്തുകാരന്റെ ഒരു കഥ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ

Sunday, February 12, 2012

കവയത്രി നീസ വെള്ളൂരിന് പ്രണാമം!

പ്രണാമം!


ഒട്ടേറെ വേദനയോടെയാണ് കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ ഡെസ്കിലിരുന്ന് ഇത് കുറിക്കുന്നത്. ഒരു വേര്‍പാട് .. അത് തീര്‍ത്തും പ്രതീക്ഷിതമായിരുന്നെങ്കില്‍ പോലും സംഭവിച്ചു എന്നറിയുമ്പോള്‍ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു. വ്യര്‍ത്ഥമായ വാക്കുകള്‍ക്കോ , പൊള്ളയായ വികാരപ്രകടനങ്ങള്‍ക്കോ യാതൊരു അര്‍ത്ഥവുമില്ലെന്ന് അറിയാം..

കാ വാ രേഖ? എന്ന കവിത സമാഹാരത്തിനായി കവിതകള്‍ തേടിക്കൊണ്ടിരിക്കെയാണ് കൊട്ടോട്ടിക്കാരന്‍ നീസയെകുറിച്ചും ആ കുട്ടിയുടെ കവിതകളെക്കുറിച്ചും സൂചിപ്പിച്ചത്. ഒരു കവിത പ്രസിദ്ധീകരിച്ചു കാണുക എന്നത് അവളുടെ വലിയ ഒരു സ്വപ്നമാണെന്നും ലുക്കീമിയയോട് പടപൊരുതുന്ന ആ കുട്ടിക്ക് അത് വല്ലാത്ത അശ്വാസമാകും എന്നും പറഞ്ഞ് ആ കവിതകളും ബ്ലോഗ്ലിങ്കുകളും അയച്ചു തരികയായിരുന്നു.

നിലവാരമുള്ള ആ കവിതകളില്‍ നിന്നും ഒന്ന് സ്ക്രീനിംഗ് കമ്മറ്റി തിരഞ്ഞെടുത്തു..

പ്രേതം.

ഞാനൊരന്ധവിശ്വാസിയല്ല
പ്രേതങ്ങള്‍-
അവരജ്ഞാതലോകത്തിലെ
വിഖ്യാത കഥാപാത്രങ്ങളാണ്

കവിത തുടങ്ങുന്നത് ഇങ്ങിയെയായിരുന്നു. ലുക്കീമിയ കാര്‍ന്നു തിന്നുമ്പോഴും നീസയുടെ ചിന്തകള്‍ തീക്ഷ്ണമായിരുന്നു..

രണ്ട് വര്‍ഷം മുന്‍പ് ഇതുപോലൊരു ശലഭായനം കൊഴിഞ്ഞിരുന്നു!!

ഇപ്പോള്‍ ഒരു നിലാമഴയും...!!!

പ്രിയ കവയത്രി, നിന്റെ കവിതകള്‍ മരിക്കുന്നില്ല.. കാന്‍സറുകള്‍ക്ക് കാര്‍ന്നു തിന്നാനാവാത്ത ആ കവിതകളിലൂടെ നീയും എക്കാലവും ജീവിക്കും.

പ്രണാമം!

Tuesday, December 20, 2011

കാ വാ രേഖ? വീണ്ടും വീണ്ടും വായിക്കപ്പെടുന്നു..

ഗള്‍ഫ് മലയാളി.കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കാ വാ രേഖ? എന്ന കവിതാ സമാഹാരത്തെ മേല്പ്പത്തൂരാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന വി.വി.രാജീവ് അവലോകനം ചെയ്യുന്നു.വിശദമായ വായനക്ക് ഇതിലേ പോകാം.



കാ വാ രേഖ? എന്ന കവിതാ സമാഹാരത്തെ ഹൃദയത്തില്‍ സ്വീകരിച്ച എല്ലാ വായനക്കാരോടും കൃതി പബ്ലിക്കേഷന്‍സ് നന്ദി അറിയിക്കട്ടെ. വിലയേറിയ പ്രോത്സാഹനങ്ങള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനവും ഉത്തരവാദിത്വവും നല്‍കുന്നു .

നന്ദി.

Friday, December 2, 2011

കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളം അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിച്ചിരിക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തിലെ പ്രണത ബുക്സിന്റെ 195 ആം നമ്പര്‍ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നതാണ്.

മൌനത്തിനപ്പുറത്തേക്ക്.. കാ വാ രേഖ? എന്നീ പുസ്തകങ്ങള്‍ ആണ് പ്രണത ബുക്സിന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നത്. മറ്റു ബ്ലോഗര്‍മാരുടെ പുസ്തകങ്ങളും പ്രണതയുടേതുള്‍പ്പെടെയുള്ള വിവിധ സ്റ്റാളുകളില്‍ ആയി പ്രദര്‍ശനത്തിനും വില്പനക്കുമായി അണിനിരത്തിയിട്ടുണ്ട്.

പുസ്തക പ്രേമികളായ എല്ലാവര്‍ക്കും സ്വാഗതം.

Sunday, October 30, 2011

കാ വാ രേഖയെ പറ്റി കേരളസമീക്ഷയില്‍


കാ വാ രേഖ?ക്ക് കേരളസമീക്ഷയില്‍ സിജു രാജക്കാട് എഴുതിയ റിവ്യൂ.. സ്ഥലപരിമിതി മൂലം കേരളസമീക്ഷയില്‍ ഉള്‍പ്പെടുത്താതിരുന്ന അദ്ദേഹത്തിന്റെ റിവ്യൂവിന്റെ ബാക്കി ഭാഗവും ചേര്‍ത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

സാങ്കേതിക മികവിന്റെ ഇ-കവിതകള്‍ / സിജു രാജാക്കാട്‌

ചിന്തകള്‍ക്കു വൈറസു ബാധിക്കുമ്പോള്‍ പ്രതികരിക്കാതെ വയ്യ. വൈറസുകള്‍ ചിന്തയില്‍ നിന്നും നാഡികളിലേക്കരിച്ചിറങ്ങി മനുഷ്യനിലെ മനുഷ്യനെ ഒരു യന്ത്രമാക്കുന്നതിനു മുമ്പേ ഞങ്ങളില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്‌ എന്നു പ്രഖ്യാപിക്കുകയാണ്‌ യന്ത്രലോകത്തോട്‌ സംവദിക്കുന്ന ബ്ലോഗെഴുത്തുകാര്‍. കവിത എഴുതുമ്പോള്‍ എന്തെങ്കിലും എഴുതിയാല്‍ പോര, എങ്ങനെയെങ്കിലും എഴുതിയാലും പോര. പേമാരി പോലെ വാക്കുകള്‍ കോരിച്ചൊരിഞ്ഞിട്ടും കാര്യമില്ല. നല്ല മിനുക്കമുള്ള കണ്ണാടി പോലെ അത്‌ എല്ലാം വരച്ചു കാട്ടണം. ഓരോ വടുക്കളും തെളിഞ്ഞു കാണണം. കവിത ബിംബാത്മകമാവണം. ഒരു വാക്ക്‌ ഒരായിരം അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കണം. വൈകാരികതയേക്കാള്‍ കവിതയുടെ സാങ്കേതിക മികവുകൊണ്ടും പരപ്പിനേക്കാള്‍ കൂടുതല്‍ ആഴം കൊണ്ടും ആകര്‍ഷണീയതയേക്കാള്‍ കൂടുതല്‍ ആര്‍ദ്രത കൊണ്ടും ശ്രദ്ധേയമാകുന്ന കവിതകളാണ്‌ `കാ വാ രേഖ' എന്ന കവിതാസമാഹാരത്തിനെ സമകാലീനകവിതകളില്‍ വച്ചേറ്റവും മനോഹരമാക്കി തീര്‍ത്തിരിക്കുന്നതെന്ന് പറയാം. ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയരായ ഇരുപത്തിയഞ്ചു യുവകവികളുടെ കവിതകളാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ ദുരൂഹവും അര്‍ത്ഥശൂന്യമെന്നു തോന്നുന്നതുമായ ഒരു പേരാണ്‌ ഈ ഗ്രന്ഥത്തിനു നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഉള്ളിലേക്കു കടന്നു ചെല്ലുമ്പോള്‍ അത്‌ നമ്മെ ഒരു വിസ്‌മയ ലോകത്തിലേക്കാനയിക്കുന്നു. ഏകാന്തതയുടെ വിരസമായ തുരുത്തില്‍ അതു നമ്മെ തളച്ചിടുന്നു. കഠിനമായ അസ്‌തിത്വദുഃഖത്തിന്റെ മരവിച്ച മജ്ജയിലേക്കരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നോവ്‌ ഈ കവിതകള്‍ നമുക്കു സമ്മാനിക്കുന്നു. കാളിദാസന്‍ എഴുതിയ ഒരു കവിതയിലെ എട്ടു വരികളിലെ ഏഴാമത്തെ വരിയാണ്‌ `കാ വാ രേഖ'. അപാരമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രസാധകര്‍ അവകാശപ്പെടുന്നു എങ്കിലും അതിന്റെ അര്‍ത്ഥം സാങ്കേതികമായറിയാത്ത സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രഹമായിത്തന്നെ തുടരുന്നു. അതുകൊണ്ട്‌ സാധാരണക്കാരെ ഉദ്ദേശിച്ചല്ല ഈ കവിത എഴുതിയത്‌ എന്ന്‌ അനുമാനിക്കാം.

വിദഗ്‌ധര്‍ അടങ്ങിയ ഒരു പാനല്‍ അതിസൂക്ഷ്‌മവിശകലനത്തിലൂടെ തെരഞ്ഞെടുത്ത 25 കവിതകള്‍ തീര്‍ച്ചയായും എല്ലാ അര്‍ത്ഥത്തിലും മികവു പുലര്‍ത്തുന്നുണ്ട്‌.
കവിതയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട്‌ പകര്‍ന്നു നല്‍കികൊണ്ടാണ്‌ ഡോണ മയൂരയുടെ `ഋതുമാപിനി'യിലൂടെ കാ വാ രേഖയുടെ അത്ഭുത ലോകത്തിലേക്കുള്ള ഇ-ജാലകം തുറക്കുന്നത്‌.
`ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്‌തിയും മനസിലളന്ന്‌
കൈമിടുക്കുള്ളൊരു
ശില്‍പിയുടെ ചാതുര്യത്തോടെ
ഇരുതുടകളിലും നീളത്തിലും
ആഴത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്നു.
ഇതു തന്നെയാണ്‌ കാവാരേഖയുടെ തുടര്‍ന്നുള്ള പേജുകളിലും കാണുന്നത്‌. മുറിവുകള്‍ പക്ഷേ വ്രണങ്ങളാകുന്നില്ല. അവയില്‍ പുഴു അരിക്കുന്നില്ല. അതൊരു നീറ്റലായി വൈറസു പോലെ നമ്മിലേക്കും പടരുന്നു.
`വേനലിന്റെ മുറിവുകളെ
വസന്തം മറയ്‌ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല'
പ്രണയസാന്ദ്രമാണിതിലേറെയും കവിതകള്‍. അവ നിര്‍മ്മിക്കപ്പെടുന്ന,
അപമാനിക്കപ്പെടുന്ന, നിറം മങ്ങിപ്പോയ കാലത്തിനൊത്തു കോലം മാറുന്ന പ്രണയം, മുറിവുകളുടെ ആഴത്തെ കൂടുതല്‍ വ്യാപ്‌തിയുള്ളതാക്കിത്തീര്‍ക്കുന്നതേയുള്ളൂ. ഹൃദയത്തില്‍ നിന്നും ഇറങ്ങി തൊലിപ്പുറത്തും വസ്‌ത്രത്തിന്റെ ശബളിമയിലും ഒളിച്ചിരിക്കുന്ന പ്രണയം. ജീവനുള്ള പ്രകൃതിയുടെ പൂന്തോപ്പില്‍ നിന്നുമിറങ്ങി ചന്തയിലെ മണമില്ലാത്ത കടലാസു പൂവുകള്‍ക്കിടയില്‍ അത്‌ ഒളിച്ചിരിക്കുന്നു. പ്രണയത്തിന്റെ അധിനിവേശകാലത്ത്‌ നിശാനിയമം മുറിച്ച്‌ മധുരനാരങ്ങകളും മുന്തിരിയും മാറത്തടുക്കി വച്ച്‌ വരികയാണ്‌ ശശികുമാര്‍ ടി.കെ (മൊഴി). ലാപ്‌ടോപ്പിന്റെ ചത്ത സിരകളിലൂടെ പരതി നടക്കുന്ന `ഹൈടെകും' പ്രാക്‌ടിക്കലും റൊമാന്റിക്കിനെ നിര്‍വചിക്കുകയാണ്‌ നീന ശബരീഷിന്റെ കവിതയില്‍. കമ്പ്യൂട്ടര്‍ വസന്തകാലത്തിലെ ചാറ്റിംഗ്‌ പുഷ്‌പങ്ങളെ ചീറ്റിംഗ്‌ വൈറസുകള്‍ കാര്‍ന്നു നശിപ്പിക്കുന്ന കാപട്യപ്രണയത്തോടുള്ള കടുത്ത പ്രതിഷേധവുമായാണ്‌ ജയ്‌നി (ഇ-പ്രണയം) രംഗപ്രവേശം ചെയ്യുന്നത്‌. ഇ-സംസ്‌കാരം മനുഷ്യസംസ്‌കാരത്തെ മാറ്റി പ്രതിഷ്‌ഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കവയിത്രി ഇവിടെ വിഷയമാക്കുന്നു. ദേശാടനക്കിളിയുടെ സ്ഥാനത്ത്‌ ഇന്റര്‍നെറ്റ്‌ വലക്കണ്ണികള്‍ കടന്നു വരുന്നു. ചാറ്റിംഗും ചീറ്റിംഗും പ്രണയവും നിരാശയുമെല്ലാം ഒരു വിരല്‍ത്തുമ്പില്‍ ഈ വിരല്‍ത്തുമ്പിലാണ്‌ ലോകം. അറിവുകളും പുസ്‌തകങ്ങളും വിറ്റ്‌ വിശപ്പടക്കേണ്ടി വരുമ്പോഴും പ്രണയത്തിന്റെ വര്‍ണചിത്രമായ മയില്‍പ്പീലി താന്‍ വില്‍ക്കുകയില്ലെന്നു വീണ സിജീഷ്‌ ആണയിടുന്നു. വീണയുടെ ആ ആഗ്രഹമെങ്കിലും ഹൃദയസ്‌പന്ദനങ്ങളെ പോലും കച്ചവടം ചെയ്യുന്ന ഈ കാലഘട്ടങ്ങളില്‍ നിറവേറട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രകടമാക്കുന്ന ചില കവിതകളും ഈ ഗ്രന്ഥത്തിലുണ്ട്‌. തെറ്റും ശരിയും മലക്കം മറിയുകയാണ്‌ ഇ-ലോകത്തില്‍.
ട്രാക്കുകളനവധിയുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസത്തിലൂടെ പ്രവാസത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെടുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ്‌ രണ്‍ജിത്ത്‌ ചെമ്മാട്‌. ആരോ വലിച്ചെറിഞ്ഞ ഭൂതത്തിന്റെ അവശിഷ്‌ടങ്ങളില്‍ ഭാവിയും വര്‍ത്തമാനവും വേവിച്ചെടുക്കുന്നവരെ പെറുക്കിക്കൂട്ടുകയാണ്‌ പ്രസന്ന ആര്യന്‍. (ചാരിറ്റി). കൈയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ട്‌ നാല്‌ കാലുള്ള തലകളുടെ നാക്കിനു താഴെ അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്ന യന്ത്രങ്ങളുടെ വിചിത്ര ലോകം അവതരിപ്പിക്കുന്ന ദിലീപ്‌ നായര്‍, സദാചാരമാപിനിയിലെ സൂചകങ്ങളുടെ കടപറിയ്‌ക്കുന്ന കൊടുങ്കാറ്റു വീശുമ്പോള്‍ കണ്ണും കാതും കൊട്ടിയടയ്‌ക്കണമെന്നാഗ്രഹിക്കുന്ന ചാന്ദ്‌നി ഗാനന്‍. ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ അപനിര്‍മ്മിക്കുന്നതില്‍ ഒരു ക്ലാസിക്‌ ടച്ച്‌ പുലര്‍ത്തുന്ന മുംസി, നാവിലൂടെ സകല ജീര്‍ണബീംബങ്ങളെയും തുറന്നു കാണിക്കുന്ന ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവരെല്ലാം കവിതയിലെന്ന പോലെ ജീവിതത്തിലും പുതിയ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരാണ്‌. ദുഷിച്ചു നാറുന്ന സാംസ്‌കാരിക ലോകത്തെ തൂത്തു വൃത്തിയാക്കാന്‍ ഈ കവിതകള്‍ കൂടുതല്‍ ജനകീയമാവട്ടെ എന്നാശംസിക്കുന്നു.
ജനനത്തിനും മരണത്തിനുമിടയ്‌ക്ക്‌ ജീവിതത്തിന്റെ ഇടം തിരയുന്ന അസ്‌തിത്വവാദപരമായ ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌. ടോറണ്ടോ ചുഴിയില്‍ പെട്ടു കുഴഞ്ഞു മറിയുന്നതാണ്‌ ഗീത ഹിരണ്യന്റെ സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം. അച്ഛന്‍ ചെടിയും, അമ്മച്ചെടിയും കാലമാകാതെ ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന കടലാസുചെടികളുടെ ബിംബത്തിലൂടെ വിവാഹമോചനം അനാഥമാക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹന്‍ലലത്ത്‌ നമ്മെ സ്വത്വദുഃഖത്തിന്റെ കണ്ണീരു കുടിപ്പിക്കുന്നു. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണാന്‍ പറഞ്ഞ ശാസ്‌ത്രത്തോട്‌ വൃദ്ധസദനങ്ങളെന്തിന്‌ എന്നു ചോദിക്കുന്ന അരുണ്‍ശങ്കര്‍ നമ്മുടെ മാറി വരുന്ന സാംസ്‌കാരത്തിനു നേരെ ഒരു തുറിച്ചു നോട്ടം നോക്കുന്നു. മൃത്യുവിനെ യാഥാര്‍ത്ഥ്യബോധമുള്ള `പ്രേത'ത്തിന്റെ അലങ്കാരത്തില്‍ പൊതിഞ്ഞ്‌ പോളീഷ്‌ ചെയ്‌ത്‌ അവതരിപ്പിച്ച്‌ അന്ധവിശ്വാസികളെ വെല്ലുവിളിക്കുന്ന നീസ വെള്ളൂര്‍ പ്രായത്തിനു യോജിക്കാത്ത പണിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. നന്മകള്‍ നിറഞ്ഞ ജീവിതങ്ങളുടെ ചില പ്രതീകങ്ങള്‍ എന്‍.എ സുജീഷിന്റെ കലയെ സ്‌നേഹിച്ച കൂട്ടുകാരന്‍, എസ്‌ കലേഷിന്റെ പെണ്ണുകുട്ടി, ജീവിത സായാഹ്നകവലയിലെ തട്ടുകടയില്‍ ചായ കുടിക്കാന്‍ ചെല്ലുന്ന ഉമേഷ്‌ തുടങ്ങിയവര്‍ വേദനിക്കുന്നതെങ്കിലും നാം ഇഷ്‌ടപ്പെടുന്ന ഒരു ജീവിതത്തിന്റെ ഓര്‍മ്മയും പ്രതീക്ഷയും നിലനിര്‍ത്തുന്നു.

എങ്കിലും ഒരു ചിരിയുടെ വേദന താങ്ങാന്‍ ഒരു മിഴിനീരു തണുപ്പു മാത്രമുള്ള രാജീവും തിരിയെ വരാതിരിക്കാനുള്ള യാത്രയ്‌ക്കൊരുങ്ങുന്ന ഷൈന്‍കുമാറും, വണ്ടിയാപ്പീസിന്റെ വരാന്തയില്‍ അസ്‌തപ്രജ്ഞനായി നില്‍ക്കുന്ന ഉസ്‌നും കണ്ണു പൊത്തുന്ന ചെകുത്താനിലൂടെയും താടിക്കു കൈ കൊടുത്തിരിക്കുന്ന ദൈവത്തിലൂടെയും ലോകത്തെ പരിഹസിക്കുന്ന ജയിംസ്‌ സണ്ണിയും ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. ഇനിയെന്ത്‌? എ സതീദേവിയെപ്പോലെ നാം ഒരു ഒത്തുതീര്‍പ്പിനു ശ്രമിക്കണോ അതോ യൂസഫ്‌ പാ പറയുന്നതു പോലെ ഒരു വേട്ടക്കാരനെ പോലെ ജീവന്റെ കോര്‍മ്പകള്‍ തൂക്കിപ്പിടിച്ച്‌ മരണത്തിലേക്കു പിന്‍വാങ്ങണോ? കാ വാ രേഖ? എന്നാല്‍ വിധി വൈപരീത്യങ്ങളെ ചെറുത്തു തോല്‍പിക്കാനുള്ള തന്റേടം ഈ കവികള്‍ ആരും പ്രകടിപ്പിക്കുന്നില്ല എന്നതു നിരാശാജനകം തന്നെയാണ്‌. നട്ടെല്ലു നഷ്‌ടമായോ നമ്മുടെ യുവതലമുറയ്‌ക്ക്‌? ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, വൈറസുകളെ ആട്ടിയോടിക്കാനുള്ള പുതിയൊരു സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍. അതുമായി പുതിയൊരു കവിതയുലകത്തില്‍ പോരിനു നില്‍ക്കാന്‍. ആശംസകള്‍..