Monday, November 22, 2010

മൌനത്തിനപ്പുറത്തേയ്ക്ക് പ്രകാശന ചടങ്ങുകൾ..

ബ്ലോഗില്‍ നിന്നും ഉടലെടുത്ത കൂട്ടായ്മയിലൂടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച മലയാളത്തിലെ പുത്തന്‍ പ്രസാധക സംഘമായ കൃതി പബ്ലിക്കേഷന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനവും വെബ്‌സൈറ്റിന്റെ ലോഞ്ചിങും ഒപ്പം കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആദ്യ പുസ്തകമായ മലയാളം ബ്ലോഗിലെ 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ അടങ്ങിയ ‘മൌനത്തിനപ്പുറത്തേക്ക്...‘ എന്ന സമാഹാരത്തിന്റെ പ്രകാശനവും തൊടുപുഴയിലുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് 21-11-2010 രാവിലെ 11.00 മണിക്ക് നടത്തപ്പെട്ടു.


മലയാളം ബ്ലോഗിലെ പ്രമുഖനും റേഡിയോ മാംഗോ കോഴിക്കോട് സ്റ്റേഷനിലെ പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീ. ജി.മനു അദ്ധ്യക്ഷനായ ചടങ്ങില്‍ വെച്ച് സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും മലയാളം ബ്ലോഗില്‍ കാര്‍ട്ടൂണുകള്‍ക്കും കാരിക്കേച്ചറുകള്‍ക്കും വ്യത്യസ്തമാനങ്ങള്‍ രചിച്ച വ്യക്തിയുമായ ശ്രീ. സജീവ് ബാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്നെ കൃതി പബ്ലിക്കേഷന്‍സിന്റെ വെബ്‌സൈറ്റിന്റെ ഔപചാരികമായ ലോഞ്ചിങും നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് കൃതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ “മൌനത്തിനപ്പുറത്തേക്ക്...” എന്ന കഥാസമാഹാരം പ്രശസ്ത യാത്രാവിവരണ ബ്ലോഗറായ നിരക്ഷരന്‍ എന്ന പേരില്‍ ബ്ലോഗ് രചനകള്‍ നടത്തുന്ന ശ്രീ. മനോജ് രവീന്ദ്രന്‍ മറ്റൊരു യാത്രാവിവരണ ബ്ലോഗറായ ശ്രീ. സജി മാര്‍ക്കോസിന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു. തുടര്‍ന്ന് ബ്ലോഗര്‍ മനോരാജ് പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. ചടങ്ങില്‍ ബ്ലോഗില്‍ നിന്നും തന്നെ ഉടലെടുത്ത മറ്റൊരു പുസ്തകപ്രസാധകരായ എന്‍.ബി. പബ്ലിക്കേഷന്‍ മാനേജിഗ് ഡയറക്ടര്‍ ശ്രീ. ജോഹര്‍.കെ.ജെ, ബ്ലോഗര്‍മാരായ ശ്രീ. ശിവപ്രസാദ്, മുരളികൃഷ്ണമാലോത്ത്, എറണാകുളം ഡി.എഫ്.ഓ. ശ്രീ. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ കൃതി പബ്ലിക്കേഷന്‍സിനും പുസ്തകത്തിനും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.

ബ്ലോഗില്‍ നിന്നും ഉടലെടുത്ത ഈ കൂട്ടായ്മയുടെ നിറപ്പകിട്ടാര്‍ന്ന ചടങ്ങിന് നാട്ടുകാരന്‍ എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതുന്ന ശ്രീ. പ്രിന്‍സ്. ജെ. തോപ്പില്‍ സ്വാഗതവും, കൃതി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ഹരീഷ് തൊടുപുഴ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്..., എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍ എന്നീ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ചടങ്ങില്‍ പ്രശസ്ത ബ്ലോഗര്‍മാരായ ശ്രീ.നന്ദപര്‍വ്വം നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്. യൂസഫ്പ, അനില്‍@ബ്ലോഗ്, ഷാജി.ടി.യു. സിജീഷ് , വീണ, മിക്കി മാത്യു, മണി ഷാരത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.




പുസ്തകം വേണ്ടവര്‍ sales@krithipublications.com എന്ന വിലാസത്തില്‍ നിങ്ങളുടെ ഇന്ത്യക്കകത്തെ തപാല്‍ വിലാസം അയച്ച് തന്നാല്‍ പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ) അയച്ചു തരുന്നതായിരിക്കും.


ടി. ചടങ്ങുകളൂടെ വീഡിയോ ഉടൻ തന്നെ പബ്ലീഷ് ചെയ്യുന്നതായിരിക്കും.

റിപ്പോർട്ട് - മനോരാജ്
ഫോട്ടോ - മിക്കി മാത്യൂ

No comments:

Post a Comment