Saturday, October 5, 2013

കൃതി ബുക്സിൽ നിന്നും ഉടൻ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ - പ്രീ- പബ്ലിക്കേഷൻ ഓഫർ

വിഢിമാൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന മനോജ് .വിഡിയുടെ പ്രഥമ നോവൽ.. ദേഹാന്തരയാത്രകൾ . , സിയാഫ് അബ്ദുൾഖാദിർ എഴുതിയ ആപ്പിൾ (കഥാസമാഹാരം) കൃതി ബുക്സും ഫെയ്സ്ബുക്കിലെ കഥാഗ്രൂപ്പും സംയുക്തമായി നടത്തിയ കഥാമത്സരത്തിൽ അവസാന റൊഊണ്ടിലെത്തിയ 14 കഥകൾ ചേർത്തുള്ള സമാഹാരം എന്നിവ കൃതി ബുക്സ് അഭിമാനത്തോടെ വായനക്കാർക്കായി സമർപ്പിക്കുന്നു..

പുസ്തകങ്ങൾ അധികം വൈകാതെ തന്നെ കൃതി ബുക്സിന്റെ ഓൺലൈൻ ഷോപ്പി വഴിയും ഇന്ദുലേഖ.കോം വഴിയും വിപണിയിൽ എത്തുന്നതാണു. പിന്നാലെ കേരളത്തിലെ സെലക്റ്റ്ഡ് ആയ ബുക്സ് ഷോപ്പുകൾ വഴിയും പുസ്തകം ലഭ്യമാകുന്നതാണു. അവയുടെ വിശദാംശങ്ങൾ പിന്നാലെ നൽകുന്നതാണു.

മൂന്ന് പുസ്തകങ്ങളും ഒരുമിച്ച്  പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് കൃതി ബുക്സ് ഒരു പ്രി പബ്ലീകേഷൻ ഓഫർ നൽകുന്നു.. ദേഹാന്തരയാത്രകൾ (95 രൂപ) ആപ്പിൾ (65) രൂപ , കഥാസമാഹാരം (60രൂപ) എന്നിവ ചേർത്ത് ഒന്നിച്ച് ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകങ്ങൾ മുഖവിലയായ 220 രൂപക്ക് പകരം 200 രൂപക്ക് നൽകുന്നതാണു. കേരളത്തിനു പുറത്ത് തപാൽ ചാർജ്ജ് ഈടാക്കുന്നതാണു..



Sunday, September 15, 2013

കൃതി ബുക്സ് - കഥാഗ്രൂപ്പ് "കൃതി കഥാമത്സരം" - മത്സരഫലം





കൃതി കഥാമത്സരം സുപ്രധാനമായ ഫലപ്രഖ്യാപന സ്റ്റേജിലേക്ക് എത്തിയിരിക്കുകയാൺ. ആകെ 83 കഥകൾ ലഭിച്ചതിൽ നിന്നും നേന സിദ്ദിഖ് സ്വയം പിന്മാറുകയും മറ്റു രണ്ട് മത്സരങ്ങളിൽ സമ്മാനാർഹമായവയെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് രണ്ട് കഥകൾ സംഘാടക സമിതി തള്ളിക്കളയുകയും ചെയ്തിരിന്നു. ശേഷമുള്ള 80 കഥകൾ സംഘാടക സമിതി തിരഞ്ഞെടുത്ത സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുകയും ആ കഥകൾക്ക് ഓരോ കമ്മറ്റി അംഗങ്ങളും മാർക്കുകൾ രേഖപ്പെടുത്തി സംഘാടക സമിതിക്ക് നൽകുകയും ചെയ്യുകയുണ്ടായി. ആ മാർക്കുകൾ ടാബുലേറ്റ് ചെയ്തതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 15 കഥകൾ ഫൈനൽ ജഡ്ജ്മെന്റിനായി ജഡ്ജസിനെ ഏൽപ്പിക്കുകയും അവർ 15 കഥകളെയും വിലയിരുത്തുകയും ചർച്ച ചെയ്യുകയും കഥകൾക്ക് മാർക്ക് നൽകുകയും ഓവറോൾ അഭിപ്രായം നൽകുകയും ചെയ്തു. ജഡ്ജസ് നൽകിയ മാർക്കുകൾ ടാബുലേറ്റ് ചെയ്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ മൂന്ന് പേരെ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനക്കാരായി പ്രഖ്യാപിക്കുകയാണ്.

കൃതി കഥാമത്സരം - മത്സരഫലം
ഒന്നാം സ്ഥാനം : തലമറാട്ടം - നിഥീഷ് ജി (5001 രൂപ, സർട്ടിഫിക്കറ്റ്, മൊമന്റോ)
രണ്ടാം സ്ഥാനം : മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ - ഹർഷ മോഹൻ (3001 രൂപ, സർട്ടിഫിക്കറ്റ് , മൊമന്റൊ)
മൂന്നാം സ്ഥാനം : ബേബീസ് അൺലിമിറ്റഡ് - സോണി (2001 രൂപ , സർട്ടിഫിക്കറ്റ്, മൊമന്റോ)


മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അതിനേക്കാളുപരി അവസാന 15ൽ എത്തിയവർക്ക് ... ഒപ്പം സമ്മാനാർഹരായ നിഥീഷ്, ഹർഷ,, സോണി എന്നിവർക്ക് കൃതി ബുക്സിന്റെയും കഥഗ്രൂപ്പിന്റെയും ഹാർദ്ദമായ അഭിനന്ദനങ്ങൾ...

അവസാന 15ൽ എത്തിയ കഥകളെ പറ്റി ജഡ്ജിങ് പാനലിന്റെ അഭിപ്രായം താഴെ കൊടുക്കുന്നു..ജഡ്ജിങ് പാനലിൽ ചീഫ് ജഡ്ജായി ശ്രീ. എം.കെ.ഹരികുമാർ, മറ്റു രണ്ട് ജഡ്ജ്മാരായി ശ്രീമതി. ബീജ .വി.സി, ശ്രീ രവിവർമ്മ തമ്പുരാൻ എന്നിവർ കഥകളെ വിലയിരുത്തി ഇങ്ങിനെ അഭിപ്രായപ്പെട്ടു.

ഈ പതിനഞ്ച് കഥകളും വായിച്ചപ്പോ ശരിക്കും നല്ല സന്തോഷം തോന്നി. കാരണം ഈ കഥകലെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യപരിഛേദങ്ങളാണ്. വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങളിലൂടെ ആധുനികജീവിതം അഭിമുഖീകരിക്കുന്ന പല സമസ്യകളും ഈ കഥകള്‍ മിഴിവോടെ വരച്ചിടുന്നു. പല കഥകളും പ്രമേയം, ഭാഷ, ഘടന എന്നീ തലങ്ങളില്‍ നല്ല പുതുമ കാഴ്ച വെയ്ക്കുമ്പോള്‍ ചില കഥകള്‍ കേട്ട് പഴകിയ പ്രമേയത്തില്‍ നിന്ന് കൊണ്ട് കൈയ്യടക്കത്തോടെ പറഞ്ഞ് മുന്നോട്ട് പോകുന്നു. വായനാജീവിതം, ബൊമ്മക്കൊലു, പതിര് , ഗ്രേയ്റ്റ് ഡേയ്ന്‍, ഓരോരോ തിരിച്ചറിവുകള്‍ , വേഷപ്പകര്‍ച്ചകള്‍ എന്നിവയുടെ പ്രമേയത്തിൽ പുതുമ അവകാശപ്പെടാനില്ല. അതേസമയം, സാളഗ്രാമം, തലമാറാട്ടം, ബേബീസ് അണ്‍ലിമിറ്റെഡ് , കുംഭാരന്റെ മകള്‍ എന്നിവ ഉള്ളടക്കത്തിലും ഭാഷയിലും കഥ പറച്ചിലിലും എല്ലാം മികച്ച് തന്നെ നില്‍ക്കുന്നു. സജീവവും തനതായതുമായ ഭാഷയുണ്ട് ഇവയ്ക്കൊക്കെ.

പുതിയ ഒരു കഥാസങ്കേതം സൃഷ്ടിക്കുവാനുള്ള ശ്രമം തലമറാട്ടം എന്ന കഥയിൽ കണ്ടു. യാഥാർത്ഥ്യത്തെ അവിശ്വസിക്കുകയും പുതിയതൊന്നിനു വേണ്ടി അലയുകയും ചെയ്യുമ്പോഴാണ് നല്ല കഥകൾ ഉണ്ടാവുന്നത്... അതുകൊണ്ട് തന്നെ ഈ കഥ മത്സരത്തിൽ സമർപ്പിച്ച മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നു.

മുയൽചെവിയൻ കുഞ്ഞുങ്ങളുടെ അമ്മയിൽ വികാരജീവിതമുള്ള ഒരു സ്ത്രീയെ കാട്ടിത്തരുന്നു. വ്യവസ്ഥാപിത സ്ത്രീ സങ്കല്പത്തിൽ നിന്നും തന്റേതായ കാരണം പറഞ്ഞ് അവൾ വഴുതി മാറുകയും അതിനു ഒരു കാരണം കണ്ടെത്തുകയും ചെയ്യുന്നു.. എങ്കിൽ പോലും കഥയുടെ ആദ്യ ഭാഗത്ത് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, യഥാര്‍ഥ ജീവിതവും മാനസികവ്യാപാരങ്ങളും തമ്മില്‍ വല്ലാത്തൊരു സമ്മേളനം കഥയില്‍ നടക്കുന്നു. അത് തന്മയത്തോടെ കഥാകൃത്ത് അവതരിപ്പിച്ചിട്ടൂണ്ട്. ആ അവതരണമികവ് കഥയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ചു.

ബേബീസ് അൺലിമിറ്റഡ് എന്ന കഥയിൽ വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്നു. കഥ ഉള്ളടക്കം , കഥന രീതി എന്നിവയിൽ മികവ് പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..

ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത മറ്റു കഥകളെ പറ്റി സ്ക്രീനിംഗ് കമ്മറ്റി നൽകിയ അഭിപ്രായവും ചേർക്കുന്നു..മത്സരത്തിനു ലഭിച്ച 80 കഥകളിൽ നിന്നും ഏതാണ്ട് 50 ഓളം കഥകൾ ആവറേജ് നിലവാരത്തിലും താഴെയായിരുന്നു എന്നത് ഖേദകരമാണ്. കഥകൾക്ക് ആവറേജ് മാർക്കായി നിശ്ചയിച്ചിരുന്ന 5 മാർക്ക് നേടുവാൻ പോലും 40ഓളം കഥകൾക്ക് സാധിക്കാതിരുന്നത് ഇത് തുറന്ന് കാട്ടുന്നു.. കഥകൾ എഴുതുവാനുള്ള ശേഷിക്കുറവല്ല, മറിച്ച് അപ്രോച്ചിലുള്ള നിസ്സാരവത്കരണം ആണ് വേദനിപ്പിക്കുന്നത്. പല കഥാകൃത്തുകളും നല്ല സ്റ്റഫുള്ളവർ തന്നെ. പക്ഷേ, ഒരു മത്സരത്തിനാണ് തങ്കൾ ഈ രചന സമർപ്പിക്കുന്നത് എന്ന ചിന്ത അവർക്കില്ലാതാവുന്നു.. അല്ലെങ്കിൽ മത്സരത്തോട് അലസമനോഭാവം പുലർത്തുന്നു.. ഇത്തരത്തിലുള്ള അലസ മനോഭാവം വരുംഭാവിയിൽ നല്ല മത്സരങ്ങൾ നടത്തുവാനുള്ള ഏതൊരു സംഘാടകന്റെയും മനസ്സിൽ ഒരു വട്ടം കൂടി അത്തരം ഒന്ന് വേണമോ എന്ന ചിന്തയുണ്ടാക്കുന്നു എങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.. ഈ പറയുന്നത് മുഴുവൻ കഥകളുടെയും കാര്യമല്ല, പക്ഷേ ഏതാണ്ട് 60% കഥകളിലും ഈ ഒരു അലസമനോഭാവം കാണാൻ കഴിയുന്നു.. ബാക്കിയുള്ള 40% കഥകൾ നിലവാരം കൊണ്ടോ ഭാഷകൊണ്ടൊ കൈയടക്കം കൊണ്ടൊ വ്യത്യസ്തത പുലർത്തുന്നു.. ഒരു കഥക്ക് പേരിടുന്നതിൽ പോലും ഉണ്ട് കഥയുടെ അന്തഃസത്ത എന്ന് കഥാകൃത്തുക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. മോന്തപുത്തകം എന്ന പേരിൽ ഒരു കഥ മത്സരത്തിൽ സമർപ്പിക്കപ്പെട്ടിരുന്നു. കഥയുടെ പ്രമേയവും ക്രാഫ്റ്റും എല്ലാം ശരാശരിക്ക് മുകളിലുമായിരുന്നു. പക്ഷേ, കഥക്ക് നൽകിയ ആ പേരിലൂടെ കഥാകൃത്ത് കഥയോട് അനീതി കാട്ടിയതായി തോന്നി. ഇത് ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. അതുപോലെ മത്സരങ്ങളിലേക്കാണ് നമ്മൾ രചനകൾ സമർപ്പിക്കുന്നത് എന്നും അതല്ലാതെ നമ്മുടെ ബ്ലോഗിലോ / ഫെയ്സ്ബുക്ക് പേജിലോ ലൈക്കിനും കമന്റിനുമായിട്ടുള്ള കേവല വ്യായാമമല്ല അത് എന്നും ചിന്തിക്കേണ്ട സമയവും ആയി. ചില കഥകൾ (കാര്യവട്ടം കോളേജിലെ...) അത്തരത്തിൽ ചൂണ്ടിക്കാട്ടാവുന്നതാണ്. എങ്കിൽ പോലും മത്സരത്തെ നല്ല അർത്ഥത്തിലും ബഹുമാനത്തിലും നോക്കി ക്കാണുന്ന ഒരു കൂട്ടം എഴുത്തുകാർ ഇന്നുമുണ്ടെന്നത് സ്ക്രീനിംഗ് കമ്മറ്റിയെ സന്തോഷിപ്പിക്കുന്നു.. അവർ തെളിക്കുന്ന പാതകൾ കെടാതിരിക്കട്ടെ.. കഥകൾ ഒരിക്കലും മരിക്കില്ല എന്ന തിരിച്ചറിവ് ചില കഥകൾ എങ്കിലും നമുക്ക് നൽകുന്നു എന്ന സന്തോഷത്തോടെ ഈ മത്സരത്തിനും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും മത്സര സംഘാടകർക്കും എല്ലാ ആശംസകളും നേരുന്നു...


ഈ കഥകൾ കഥാഗ്രൂപ്പിനകത്തും കൃതി ബുക്സിന്റെ പുസ്തകത്തിലും ആണ് ആദ്യം പ്രസിദ്ധീകരിക്കുക.. ദയവ് ചെയ്ത് കഥാകൃത്തുക്കൾ പുസ്തകം പബ്ലിഷ് ആവും വരെ സഹകരിക്കുക...

മത്സരത്തിനായി ബാനറുകളും മറ്റും ഡിസൈൻ ചെയ്ത് നൽകിയ അജയിനും ഈ മത്സരത്തെക്കുറിച്ചുള്ള വാർത്തകൾ സ്വന്തം പോർട്ടലുകളിലൂടെ പബ്ലിഷ് ചെയ്ത് കൂടുതൽ പേരിലേക്ക് മത്സരത്തെ എത്തിക്കുവാൻ സഹകരിച്ച നമ്മുടെ ബൂലോകം , ഇ വായന എന്നീ പോർട്ടലുകൾക്കും മലയാളം ബ്ലോഗേർസിന്റെ മറ്റു ഗ്രൂപ്പുകൾക്കും നിറഞ്ഞ മനസ്സോടെ ഈ മത്സരത്തിന്റെ സ്ക്രീനിംഗുമായി സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റിയിലെ സുഹൃത്തുക്കൾക്കും അതിനേക്കാളേറെ തിരക്കുകളുടെ ഈ ഓണക്കാലത്തിനിടയിലും കൃത്യസമയത്തിനുള്ളിൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തുവാൻ ഞങ്ങൾക്ക് സാധിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നമ്മുടെ ബഹുമാന്യരായ ജഡ്ജിംഗ് പാനൽ അംഗങ്ങൾക്കും കൃതി ബുക്സിന്റെയും കഥാഗ്രൂപ്പിന്റെയും നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ... ഒരിക്കൽ കൂടെ ഏവർക്കും നല്ല ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട്..

കൃതി കഥാമത്സരം മത്സരകമ്മിറ്റി

വാർത്ത : നമ്മുടെ ബൂലോകം

Wednesday, May 15, 2013

കൃതിബുക്സ് 'കഥ'മത്സരം


ഫെയ്സ്ബുക്കിലെ 'കഥ' ഗ്രൂപ്പ് കഥാ മത്സരം സംഘടിപ്പിക്കുന്നു. 'കൃതി ബുക്സാ'ണ് ഈ മത്സരത്തിന്റെ പ്രായോജകര്‍. മത്സരത്തിലേക്ക് ലഭിക്കുന്നതില്‍ നിന്നും മികച്ച 3 സൃഷ്ടികള്‍ക്ക് കഥ ഗ്രൂപ്പ്‌  നല്‍കുന്ന കാഷ് പ്രൈസും കൃതി ബുക്സ്  നല്‍കുന്ന പ്രശംസാപത്രവും മൊമെന്റൊയും ആയിരിക്കും സമ്മാനം. കൂടാതെ മത്സരത്തിനായി ലഭിക്കുന്ന രചനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ഉള്‍പ്പെടുത്തി കൃതി ബുക്സ് കഥാസമാഹാരം പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതാണ്
ഈ മത്സരത്തിന്റെ പേര് "കൃതിബുക്സ് കഥാമത്സരം" എന്നായിരിക്കും. മത്സരത്തിലേക്കുള്ള രചനകള്‍ krithikadhamalsaram@gmail.com എന്ന  ഇമെയില്‍ വിലാസത്തില്‍ ജൂലായ്‌ 20 ന് അകം ലഭിക്കേണ്ടതാണ്.
മത്സരത്തിന്റെ നിയമാവലികള്‍.  
************************************
1. ഇത് വരെ കഥ ഗ്രൂപ്പിലുള്‍പ്പെടെ മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.
2. രചനകള്‍ തികച്ചും മൌലീകമായിരിക്കണം
3. മത്സരത്തിലേക്ക് അയക്കുന്ന സൃഷ്ടികള്‍ക്ക് ഇത്ര വാക്കുകളെന്നോ പ്രത്യേക വിഷയമോ ഉണ്ടായിരിക്കുന്നതല്ല
4. മത്സരത്തിലേക്ക് ലഭിക്കുന്ന രചനകള്‍ കഥ ഗ്രൂപ്പ്  / കൃതി ബുക്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സ്ക്രീനിംഗ് പാനല്‍ വിലയിരുത്തുന്നതും അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 15 രചനകള്‍ മാത്രം അവസാന ജഡ്ജിംഗിനായി വിദഗ്ദര്‍ അടങ്ങിയ കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.
5. ഒരാള്‍ക്ക് പരമാവധി 3 രചനകള്‍ വരെ അയക്കാം. പക്ഷെ, ഇവയില്‍ നിന്നും സ്ക്രീനിംഗ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും മികച്ച ഒരെണ്ണം മാത്രമേ തിരഞ്ഞെടുക്കൂ.
6. അയയ്ക്കുന്ന രചനകളുടെ പകര്‍പ്പാവകാശം രചയിതാവിന് തന്നെ ആണെങ്കിലും മത്സരം കഴിയുന്നത് വരെ അതിലേക്ക് അയച്ചിരിക്കുന്ന രചനകള്‍ മറ്റെവിടെയും പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല
7. അങ്ങിനെ ഉണ്ടെന്ന് അറിവ് ലഭിച്ചാല്‍ മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നതാണ്. മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ ആകുന്നു എന്നതിലൂടെ ടി വ്യക്തി മത്സരത്തിലേക്കായി സമര്‍പ്പിച്ചിരിക്കുന്ന എല്ലാ സൃഷ്ടികളും ഡിസ്‌കോളിഫൈ ആകുന്നതാണ്.
8. കഥാസമാഹാരത്തിലും അവസാന 15 എണ്ണത്തിലും ഒരു എഴുത്തുകാരന്റെ ഒരു കഥ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ

Sunday, February 12, 2012

കവയത്രി നീസ വെള്ളൂരിന് പ്രണാമം!

പ്രണാമം!


ഒട്ടേറെ വേദനയോടെയാണ് കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ ഡെസ്കിലിരുന്ന് ഇത് കുറിക്കുന്നത്. ഒരു വേര്‍പാട് .. അത് തീര്‍ത്തും പ്രതീക്ഷിതമായിരുന്നെങ്കില്‍ പോലും സംഭവിച്ചു എന്നറിയുമ്പോള്‍ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു. വ്യര്‍ത്ഥമായ വാക്കുകള്‍ക്കോ , പൊള്ളയായ വികാരപ്രകടനങ്ങള്‍ക്കോ യാതൊരു അര്‍ത്ഥവുമില്ലെന്ന് അറിയാം..

കാ വാ രേഖ? എന്ന കവിത സമാഹാരത്തിനായി കവിതകള്‍ തേടിക്കൊണ്ടിരിക്കെയാണ് കൊട്ടോട്ടിക്കാരന്‍ നീസയെകുറിച്ചും ആ കുട്ടിയുടെ കവിതകളെക്കുറിച്ചും സൂചിപ്പിച്ചത്. ഒരു കവിത പ്രസിദ്ധീകരിച്ചു കാണുക എന്നത് അവളുടെ വലിയ ഒരു സ്വപ്നമാണെന്നും ലുക്കീമിയയോട് പടപൊരുതുന്ന ആ കുട്ടിക്ക് അത് വല്ലാത്ത അശ്വാസമാകും എന്നും പറഞ്ഞ് ആ കവിതകളും ബ്ലോഗ്ലിങ്കുകളും അയച്ചു തരികയായിരുന്നു.

നിലവാരമുള്ള ആ കവിതകളില്‍ നിന്നും ഒന്ന് സ്ക്രീനിംഗ് കമ്മറ്റി തിരഞ്ഞെടുത്തു..

പ്രേതം.

ഞാനൊരന്ധവിശ്വാസിയല്ല
പ്രേതങ്ങള്‍-
അവരജ്ഞാതലോകത്തിലെ
വിഖ്യാത കഥാപാത്രങ്ങളാണ്

കവിത തുടങ്ങുന്നത് ഇങ്ങിയെയായിരുന്നു. ലുക്കീമിയ കാര്‍ന്നു തിന്നുമ്പോഴും നീസയുടെ ചിന്തകള്‍ തീക്ഷ്ണമായിരുന്നു..

രണ്ട് വര്‍ഷം മുന്‍പ് ഇതുപോലൊരു ശലഭായനം കൊഴിഞ്ഞിരുന്നു!!

ഇപ്പോള്‍ ഒരു നിലാമഴയും...!!!

പ്രിയ കവയത്രി, നിന്റെ കവിതകള്‍ മരിക്കുന്നില്ല.. കാന്‍സറുകള്‍ക്ക് കാര്‍ന്നു തിന്നാനാവാത്ത ആ കവിതകളിലൂടെ നീയും എക്കാലവും ജീവിക്കും.

പ്രണാമം!

Tuesday, December 20, 2011

കാ വാ രേഖ? വീണ്ടും വീണ്ടും വായിക്കപ്പെടുന്നു..

ഗള്‍ഫ് മലയാളി.കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കാ വാ രേഖ? എന്ന കവിതാ സമാഹാരത്തെ മേല്പ്പത്തൂരാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന വി.വി.രാജീവ് അവലോകനം ചെയ്യുന്നു.വിശദമായ വായനക്ക് ഇതിലേ പോകാം.



കാ വാ രേഖ? എന്ന കവിതാ സമാഹാരത്തെ ഹൃദയത്തില്‍ സ്വീകരിച്ച എല്ലാ വായനക്കാരോടും കൃതി പബ്ലിക്കേഷന്‍സ് നന്ദി അറിയിക്കട്ടെ. വിലയേറിയ പ്രോത്സാഹനങ്ങള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനവും ഉത്തരവാദിത്വവും നല്‍കുന്നു .

നന്ദി.

Friday, December 2, 2011

കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളം അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിച്ചിരിക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തിലെ പ്രണത ബുക്സിന്റെ 195 ആം നമ്പര്‍ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നതാണ്.

മൌനത്തിനപ്പുറത്തേക്ക്.. കാ വാ രേഖ? എന്നീ പുസ്തകങ്ങള്‍ ആണ് പ്രണത ബുക്സിന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നത്. മറ്റു ബ്ലോഗര്‍മാരുടെ പുസ്തകങ്ങളും പ്രണതയുടേതുള്‍പ്പെടെയുള്ള വിവിധ സ്റ്റാളുകളില്‍ ആയി പ്രദര്‍ശനത്തിനും വില്പനക്കുമായി അണിനിരത്തിയിട്ടുണ്ട്.

പുസ്തക പ്രേമികളായ എല്ലാവര്‍ക്കും സ്വാഗതം.