ഒടുവില്‍ കൃതി പബ്ലിക്കേഷന്‍സ് മൌനത്തിന്റെ പുറംതോട് ഭേദിച്ച് പുറത്ത് വരുന്നു. മലയാളം ബ്ലോഗില്‍ നിന്നും ഉരിത്തിരിഞ്ഞ ഒരു കൂട്ടായ്മയുടെ, ഒരുമയുടെ കാഹളധ്വനിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിമാത്രം..
തൊടുപുഴയില്‍ വെച്ച് ഈ വരുന്ന നവംബര്‍ മാസം 21ന് കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ ‘മൌനത്തിനപ്പുറത്തേയ്ക്ക്...‘ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ ബൂലോകത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ കൃതിപബ്ലിക്കേഷന്‍സ് എന്ന പ്രസാധകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും വെബ്‌സൈറ്റിന്റെയും ഔപചാരികമായ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.
നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു ഇത് തികച്ചും ബ്ലോഗേര്‍സിന്റെ ഒരു സംരംഭമാണെന്ന്. അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് നമ്മുടെ പ്രിയപ്പെട്ട ബ്ലോഗേര്‍സിന്റെ മുഖങ്ങള്‍ തന്നെയാണ്. നവംബര്‍ 21ന് രാവിലെ 10.30ന് തൊടുപുഴയിലെ അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് ബൂലോകത്തിലെ ഓരോ പുല്‍ക്കൊടിക്കും സുപരിചിതനായ ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലൂടെ നമ്മോട് നിരന്തരം അടുത്തിടപെഴകന്ന ജി.മനു അദ്ധ്യക്ഷനാകുന്ന വേദിയില്‍ വെച്ച് മലയാളത്തിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒപ്പം വ്യത്യസ്തമായ കാരിക്കേച്ചറുകളിലൂടെ നമ്മുടെ മനസ്സില്‍ എന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നമ്മുടെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ കൃതി പബ്ലിക്കേഷന്‍സ് എന്ന ഈ പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ തങ്ങളുടെ യാത്രാവിവരണങ്ങളിലൂടെ ബൂലോകവാസികളെ ഒട്ടേറെ കാതങ്ങളോളം കൂട്ടിക്കൊണ്ട് പോകുന്ന നിരക്ഷരന്‍ കൃതിപബ്ലിക്കേഷന്‍സിന്റെ ആദ്യ സമാഹാരമായ മൌനത്തിനപ്പുറത്തേയ്ക്ക് എന്ന പുസ്തകത്തിന്റെ ആദ്യപ്രതി മറ്റൊരു യാത്ര കുതുകിയായ സജിയച്ചായന് നല്കി ഞങ്ങളുടെ ഈ യാത്രക്ക് കൂടെ നല്ലൊരു തുടക്കം കുറിക്കുന്നു. ചടങ്ങില്‍ എന്‍.ബി പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ജോഹര്‍ ജോ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിക്കുന്നു. ചടങ്ങിന്റെ തത്സമയദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാനായി ലൈവ് സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ്.
ബൂലോകത്തിലെ എല്ലാ സഹൃദയരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഈ അവസരത്തില്‍ സ്മരിക്കട്ടെ.. ഇവിടെ തെളിയിക്കുന്ന ഈ കൈതിരിവെട്ടം കെടാതെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാവേണ്ടത് നിങ്ങളോരോരുത്തരുമാണ്. നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിനെ മഹനീയമാക്കും. എല്ലാവരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..
കൃതിപബ്ലിക്കേഷന്‍സിനു വേണ്ടി
ഹരീഷ് തൊടുപുഴ
No comments:
Post a Comment