Monday, November 22, 2010

മൌനത്തിനപ്പുറത്തേയ്ക്ക് പ്രകാശന ചടങ്ങുകൾ..

ബ്ലോഗില്‍ നിന്നും ഉടലെടുത്ത കൂട്ടായ്മയിലൂടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച മലയാളത്തിലെ പുത്തന്‍ പ്രസാധക സംഘമായ കൃതി പബ്ലിക്കേഷന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനവും വെബ്‌സൈറ്റിന്റെ ലോഞ്ചിങും ഒപ്പം കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആദ്യ പുസ്തകമായ മലയാളം ബ്ലോഗിലെ 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ അടങ്ങിയ ‘മൌനത്തിനപ്പുറത്തേക്ക്...‘ എന്ന സമാഹാരത്തിന്റെ പ്രകാശനവും തൊടുപുഴയിലുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് 21-11-2010 രാവിലെ 11.00 മണിക്ക് നടത്തപ്പെട്ടു.


മലയാളം ബ്ലോഗിലെ പ്രമുഖനും റേഡിയോ മാംഗോ കോഴിക്കോട് സ്റ്റേഷനിലെ പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീ. ജി.മനു അദ്ധ്യക്ഷനായ ചടങ്ങില്‍ വെച്ച് സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും മലയാളം ബ്ലോഗില്‍ കാര്‍ട്ടൂണുകള്‍ക്കും കാരിക്കേച്ചറുകള്‍ക്കും വ്യത്യസ്തമാനങ്ങള്‍ രചിച്ച വ്യക്തിയുമായ ശ്രീ. സജീവ് ബാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്നെ കൃതി പബ്ലിക്കേഷന്‍സിന്റെ വെബ്‌സൈറ്റിന്റെ ഔപചാരികമായ ലോഞ്ചിങും നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് കൃതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ “മൌനത്തിനപ്പുറത്തേക്ക്...” എന്ന കഥാസമാഹാരം പ്രശസ്ത യാത്രാവിവരണ ബ്ലോഗറായ നിരക്ഷരന്‍ എന്ന പേരില്‍ ബ്ലോഗ് രചനകള്‍ നടത്തുന്ന ശ്രീ. മനോജ് രവീന്ദ്രന്‍ മറ്റൊരു യാത്രാവിവരണ ബ്ലോഗറായ ശ്രീ. സജി മാര്‍ക്കോസിന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു. തുടര്‍ന്ന് ബ്ലോഗര്‍ മനോരാജ് പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. ചടങ്ങില്‍ ബ്ലോഗില്‍ നിന്നും തന്നെ ഉടലെടുത്ത മറ്റൊരു പുസ്തകപ്രസാധകരായ എന്‍.ബി. പബ്ലിക്കേഷന്‍ മാനേജിഗ് ഡയറക്ടര്‍ ശ്രീ. ജോഹര്‍.കെ.ജെ, ബ്ലോഗര്‍മാരായ ശ്രീ. ശിവപ്രസാദ്, മുരളികൃഷ്ണമാലോത്ത്, എറണാകുളം ഡി.എഫ്.ഓ. ശ്രീ. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ കൃതി പബ്ലിക്കേഷന്‍സിനും പുസ്തകത്തിനും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.

ബ്ലോഗില്‍ നിന്നും ഉടലെടുത്ത ഈ കൂട്ടായ്മയുടെ നിറപ്പകിട്ടാര്‍ന്ന ചടങ്ങിന് നാട്ടുകാരന്‍ എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതുന്ന ശ്രീ. പ്രിന്‍സ്. ജെ. തോപ്പില്‍ സ്വാഗതവും, കൃതി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ഹരീഷ് തൊടുപുഴ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്..., എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍ എന്നീ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ചടങ്ങില്‍ പ്രശസ്ത ബ്ലോഗര്‍മാരായ ശ്രീ.നന്ദപര്‍വ്വം നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്. യൂസഫ്പ, അനില്‍@ബ്ലോഗ്, ഷാജി.ടി.യു. സിജീഷ് , വീണ, മിക്കി മാത്യു, മണി ഷാരത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.




പുസ്തകം വേണ്ടവര്‍ sales@krithipublications.com എന്ന വിലാസത്തില്‍ നിങ്ങളുടെ ഇന്ത്യക്കകത്തെ തപാല്‍ വിലാസം അയച്ച് തന്നാല്‍ പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ) അയച്ചു തരുന്നതായിരിക്കും.


ടി. ചടങ്ങുകളൂടെ വീഡിയോ ഉടൻ തന്നെ പബ്ലീഷ് ചെയ്യുന്നതായിരിക്കും.

റിപ്പോർട്ട് - മനോരാജ്
ഫോട്ടോ - മിക്കി മാത്യൂ

Saturday, November 13, 2010

ക്ഷണക്കത്ത്





ചടങ്ങ് അന്നേ ദിവസം രാവിലെ 10.30 മണിയോടെ ആരംഭിക്കുന്നതായിരിക്കും..
പ്രിയ സുഹൃത്തുക്കൾ സമയബന്ധിതമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..


sales@krithipublications.com

എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പേരും വിലാസവും സഹിതം മെയിൽ ചെയ്താൽ...
ഭാരതത്തിനുള്ളിൽ എവിടെയും പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ)
അയച്ച് തരുന്നതായിരിക്കും.



“മൌനത്തിനപ്പുറത്തേയ്ക്ക്..”
എന്ന ഈ ബ്ലോഗ് കഥാസമാഹാരത്തിൽ പങ്കുവഹിച്ചിരിക്കുന്ന കഥാകൃത്തുകൾ..

ഹരി പാലാ (പോങ്ങുമ്മൂടൻ)
സ്മിത ആദർശ്
ഹംസ.സി.റ്റി.
ഷിബു ജേക്കബ് (അപ്പു)
വിമൽ.എം.നായർ (ആളവന്താൻ)
സതീഷ് മാക്കോത്ത്
സൌമിനി (മിനി)
പാട്ടേപ്പാടം റാംജി
ഡോ.ജയൻ ഏവൂർ
ലെക്ഷ്മി ലെച്ചു
സിജീഷ്
നന്ദകുമാർ (നന്ദപർവ്വം)
പ്രവീൺ വട്ടപ്പറമ്പത്ത്
സ്മിത സതീഷ് (പൌർണ്ണമി)
ജുനൈദ് അബൂബക്കെർ
മുരളീകൃഷ്ണ മാലോത്ത്
ബിജു കൊട്ടില (നാടകക്കാരൻ)
എച്ച്മുക്കുട്ടി
ശിവപ്രസാദ്.ആർ (പാവത്താൻ)
മനോരാജ്
മാണിക്യം
നട്ടപ്പിരാന്തൻ
യൂസഫ്പാ കൊച്ചന്നൂർ
രഘുനാഥൻ
നീർവിളാകൻ
സിദ്ദീഖ് തൊഴിയൂർ
പ്രയാൺ
ഹരീഷ് തൊടുപുഴ



ചടങ്ങുകൾ ലൈവ് ആയി നിങ്ങളിലേക്കെത്തിക്കുവാൻ മാക്സിമം ശ്രമിക്കുന്നതാണ്..
അങ്ങിനെയെങ്കിൽ ‘നമ്മുടെ ബൂലോകം’ പത്രത്തിലൂടെ..
അന്നേ ദിവസം ദർശിക്കാവുന്നതാണ്.



പ്രകാശനത്തിനു സംബന്ധിക്കുവാൻ താല്പര്യമുള്ള ബ്ലോഗെർ/യാഹൂ/ഓർക്കുട്ട്/എഫ്.ബി സുഹൃത്തുക്കൾ..
മെയിലിലൂടെയോ.. കമന്റായോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു..
തലേ ദിവസമെത്തുന്നവർക്കായി റൂം അറെഞ്ച് ചെയ്തിട്ടുണ്ട്..



ഏവരെയും..
എന്റെ സ്വന്തം പേരിലും കൃതി ബുക്സിന്റെ പേരിയും..
തൊടുപുഴയുടെ മണ്ണിലേക്ക്..
ഹാർദ്ദമായി..
സ്വാഗതം..
ചെയ്യുന്നു..

Thursday, November 4, 2010

“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക്ക് സ്വാഗതം..


ഒടുവില്‍ കൃതി പബ്ലിക്കേഷന്‍സ് മൌനത്തിന്റെ പുറംതോട് ഭേദിച്ച് പുറത്ത് വരുന്നുമലയാളം ബ്ലോഗില്‍ നിന്നും ഉരിത്തിരിഞ്ഞ ഒരു കൂട്ടായ്മയുടെഒരുമയുടെ കാഹളധ്വനിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിമാത്രം..


തൊടുപുഴയില്‍ വെച്ച് ഈ വരുന്ന നവംബര്‍ മാസം 21ന് കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ ‘മൌനത്തിനപ്പുറത്തേയ്ക്ക്...‘ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ ബൂലോകത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ കൃതിപബ്ലിക്കേഷന്‍സ് എന്ന പ്രസാധകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും വെബ്‌സൈറ്റിന്റെയും ഔപചാരികമായ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.



നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു ഇത് തികച്ചും ബ്ലോഗേര്‍സിന്റെ ഒരു സംരംഭമാണെന്ന്. അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് നമ്മുടെ പ്രിയപ്പെട്ട ബ്ലോഗേര്‍സിന്റെ മുഖങ്ങള്‍ തന്നെയാണ്. നവംബര്‍ 21ന് രാവിലെ 10.30ന് തൊടുപുഴയിലെ അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് ബൂലോകത്തിലെ ഓരോ പുല്‍ക്കൊടിക്കും സുപരിചിതനായ ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലൂടെ നമ്മോട് നിരന്തരം അടുത്തിടപെഴകന്ന ജി.മനു അദ്ധ്യക്ഷനാകുന്ന വേദിയില്‍ വെച്ച് മലയാളത്തിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒപ്പം വ്യത്യസ്തമായ കാരിക്കേച്ചറുകളിലൂടെ നമ്മുടെ മനസ്സില്‍ എന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നമ്മുടെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ കൃതി പബ്ലിക്കേഷന്‍സ് എന്ന ഈ പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ തങ്ങളുടെ യാത്രാവിവരണങ്ങളിലൂടെ ബൂലോകവാസികളെ ഒട്ടേറെ കാതങ്ങളോളം കൂട്ടിക്കൊണ്ട് പോകുന്ന നിരക്ഷരന്‍ കൃതിപബ്ലിക്കേഷന്‍സിന്റെ ആദ്യ സമാഹാരമായ മൌനത്തിനപ്പുറത്തേയ്ക്ക് എന്ന പുസ്തകത്തിന്റെ ആദ്യപ്രതി മറ്റൊരു യാത്ര കുതുകിയായ സജിയച്ചായന് നല്കി ഞങ്ങളുടെ ഈ യാത്രക്ക് കൂടെ നല്ലൊരു തുടക്കം കുറിക്കുന്നു. ചടങ്ങില്‍ എന്‍.ബി പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ജോഹര്‍ ജോ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിക്കുന്നു. ചടങ്ങിന്റെ തത്സമയദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാനായി ലൈവ് സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ്.


ബൂലോകത്തിലെ എല്ലാ സഹൃദയരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഈ അവസരത്തില്‍ സ്മരിക്കട്ടെ.. ഇവിടെ തെളിയിക്കുന്ന ഈ കൈതിരിവെട്ടം കെടാതെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാവേണ്ടത് നിങ്ങളോരോരുത്തരുമാണ്. നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിനെ മഹനീയമാക്കും. എല്ലാവരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..

കൃതിപബ്ലിക്കേഷന്‍സിനു വേണ്ടി

ഹരീഷ് തൊടുപുഴ

Monday, October 11, 2010

കൃതി ലോഗോ പ്രകാശനം



കൃതി പബ്ലിക്കേഷന്‍സിന്റെ ലോഗോ ഔദ്യോഗികമായി ഇവിടെ പ്രകാശിപ്പിക്കുന്നു. ലോഗോ ഡിസൈന്‍ ചെയ്തത് നന്ദപര്‍വ്വം നന്ദന്‍.