Sunday, February 12, 2012

കവയത്രി നീസ വെള്ളൂരിന് പ്രണാമം!

പ്രണാമം!


ഒട്ടേറെ വേദനയോടെയാണ് കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ ഡെസ്കിലിരുന്ന് ഇത് കുറിക്കുന്നത്. ഒരു വേര്‍പാട് .. അത് തീര്‍ത്തും പ്രതീക്ഷിതമായിരുന്നെങ്കില്‍ പോലും സംഭവിച്ചു എന്നറിയുമ്പോള്‍ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു. വ്യര്‍ത്ഥമായ വാക്കുകള്‍ക്കോ , പൊള്ളയായ വികാരപ്രകടനങ്ങള്‍ക്കോ യാതൊരു അര്‍ത്ഥവുമില്ലെന്ന് അറിയാം..

കാ വാ രേഖ? എന്ന കവിത സമാഹാരത്തിനായി കവിതകള്‍ തേടിക്കൊണ്ടിരിക്കെയാണ് കൊട്ടോട്ടിക്കാരന്‍ നീസയെകുറിച്ചും ആ കുട്ടിയുടെ കവിതകളെക്കുറിച്ചും സൂചിപ്പിച്ചത്. ഒരു കവിത പ്രസിദ്ധീകരിച്ചു കാണുക എന്നത് അവളുടെ വലിയ ഒരു സ്വപ്നമാണെന്നും ലുക്കീമിയയോട് പടപൊരുതുന്ന ആ കുട്ടിക്ക് അത് വല്ലാത്ത അശ്വാസമാകും എന്നും പറഞ്ഞ് ആ കവിതകളും ബ്ലോഗ്ലിങ്കുകളും അയച്ചു തരികയായിരുന്നു.

നിലവാരമുള്ള ആ കവിതകളില്‍ നിന്നും ഒന്ന് സ്ക്രീനിംഗ് കമ്മറ്റി തിരഞ്ഞെടുത്തു..

പ്രേതം.

ഞാനൊരന്ധവിശ്വാസിയല്ല
പ്രേതങ്ങള്‍-
അവരജ്ഞാതലോകത്തിലെ
വിഖ്യാത കഥാപാത്രങ്ങളാണ്

കവിത തുടങ്ങുന്നത് ഇങ്ങിയെയായിരുന്നു. ലുക്കീമിയ കാര്‍ന്നു തിന്നുമ്പോഴും നീസയുടെ ചിന്തകള്‍ തീക്ഷ്ണമായിരുന്നു..

രണ്ട് വര്‍ഷം മുന്‍പ് ഇതുപോലൊരു ശലഭായനം കൊഴിഞ്ഞിരുന്നു!!

ഇപ്പോള്‍ ഒരു നിലാമഴയും...!!!

പ്രിയ കവയത്രി, നിന്റെ കവിതകള്‍ മരിക്കുന്നില്ല.. കാന്‍സറുകള്‍ക്ക് കാര്‍ന്നു തിന്നാനാവാത്ത ആ കവിതകളിലൂടെ നീയും എക്കാലവും ജീവിക്കും.

പ്രണാമം!